തിരുവനന്തപുരം : ഏത് അർദ്ധരാത്രിയിലും പുറത്തിറങ്ങി നടക്കാനാകുന്ന,ഏറ്റവും സുരക്ഷിത നഗരമായി തലസ്ഥാനം മാറണമെന്നാണ് നഗരത്തിലെ സ്ത്രീകളുടെ ആവശ്യം. നിർഭയമായി ജീവിക്കാനുള്ള ധൈര്യം ഓരോരുത്തർക്കും വരുമ്പോഴാണ് ഒരു നഗരം പൂർണമാകുന്നത്.
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെയും,കേരള പൊലീസിന്റെയും നേതൃത്വത്തിൽ നിരവധി പദ്ധതികൾ നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പലതും ഇന്ന് കടലാസിൽ മാത്രം ഒതുങ്ങി. ചിലതാണെങ്കിലോ പേരിനുമാത്രം നടപ്പാക്കി. ഇന്നും പൊതു സ്ഥലങ്ങളിൽപ്പോലും സ്ത്രീകളോടുള്ള ആക്രമണങ്ങളും അപമാനവും സ്ഥിരമാണ്.
കോടികൾ മുടക്കി കേന്ദ്ര – സംസ്ഥാന സർക്കാർ സ്ത്രീ സുരക്ഷയ്ക്കുള്ള പിങ്ക് പ്രൊട്ടക്ഷൻ പദ്ധതികൾ കൊണ്ടുവന്നെങ്കിലും ഒന്നും ഫലപ്രദമല്ല. പദ്ധതികൾക്കായി അനുവദിക്കുന്ന തുകയെടുത്ത് വാഹനങ്ങൾ വാങ്ങിക്കൂട്ടാനാണ് പൊലീസിന് തിരക്ക്.
പിങ്ക് ജനമൈത്രി ബീറ്റ്,പിങ്ക് ഷാഡോ,പിങ്ക് റോമിയോ,പിങ്ക് ഡിജിറ്റൽ ഡ്രൈവ്,പിങ്ക് ഹോട്ട് സ്പോട്ട്,പിങ്ക് പട്രോൾ,കൺട്രോൾ റൂം,കെ.എസ്.ആർ.ടി.സി – സ്വകാര്യ ബസ് തുടങ്ങിയവയിലെ പിങ്ക് പൊലീസ് സംവിധാനം ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ ഇന്ന് കടലാസിലൊതുങ്ങുന്നു.
വല്ലപ്പോഴും സംഘടിപ്പിക്കുന്ന സെമിനാറുകൾ,പരാതിപ്പെടാനുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവയിൽ മാത്രമാകുന്നു സ്ത്രീസുരക്ഷ.
സുരക്ഷയ്ക്കായി നഗരത്തിൽ ഒരുക്കിയ പിങ്ക് പൊലീസിനെ കാണണമെങ്കിൽ ഏതെങ്കിലും ആളൊഴിഞ്ഞ സ്ഥലത്ത് നോക്കേണ്ടി വരുമെന്നതാണ് തമാശ. എ.സി കാറിൽ പാട്ടുംകേട്ട് കിസ പറഞ്ഞിരിക്കുന്നവരായി സുരക്ഷ ഉദ്യോഗസ്ഥർ.
സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങൾക്ക് പരിഹാരമായി പ്രത്യേക സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി 2021 ഒക്ടോബറിൽ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ മിസ്ഡ് കോളടിച്ചാൽ ഉടൻ പൊലീസ് വീട്ടിലെത്തി കേസെടുക്കുമെന്നും,വനിത പൊലീസുകാർ ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലെത്തി സ്ത്രീകളുടെ പ്രശ്നങ്ങൾ ചോദിച്ചറിയുമെന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ അതും വെറും പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുകയായിരുന്നു.
