തെരുവുനായ പ്രശ്‌നവും കുടിവെള്ള ക്ഷാമം

തെരുവുനായ പ്രശ്‌നവും കുടിവെള്ള ക്ഷാമം

തിരുവനന്തപുരം : ബി ജെ പി ചരിത്രവിജയം നേടിയ കോർപ്പറേഷൻ ഭരണസമിതിയുടെ ആദ്യ കൗൺസിൽ യോഗത്തിൽ പരാതിക്കെട്ടഴിച്ച് കൗൺസിലർമാർ. ഭരണ,പ്രതിപക്ഷ വ്യത്യാസമില്ലാതെ കൗൺസിലർമാർ പരാതികൾ നിരത്തി. തെരുവുനായ പ്രശ്‌നം,കുടിവെള്ള ക്ഷാമം,മാലിന്യക്കൂമ്പാരം എന്നിങ്ങനെ നീളുകയായിരുന്നു പരാതികൾ. ഇടതുപക്ഷ അംഗങ്ങൾക്കും പരാതികൾ ഏറെയായിരുന്നു. പരിഹാരമുണ്ടാകുമെന്ന് ഉറപ്പുനൽകിയും വിഷയങ്ങളിൽ ഇടപെടാൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർക്ക് നിർദ്ദേശം നൽകിയും മേയർ വി.വി.രാജേഷ് എല്ലാവരെയും സമാധാനിപ്പിച്ചു.

വാട്ടർ അതോറിട്ടിയുടെ പഴയ പൈപ്പ് ലൈൻ കാരണം നഗരത്തിൽ 50 ശതമാനം വെള്ളം പാഴാകുകയാണെന്നും പരിഹാരം വേണമെന്നും എൽ.ഡി.എഫിലെ ശങ്കരൻകുട്ടി നായർ പറഞ്ഞു. കഴക്കൂട്ടത്തെ ചില മേഖലകളിൽ വെള്ളം കിട്ടാനില്ലെന്നും വാർഡിലെ നാല് കുളങ്ങൾ നവീകരിച്ചാൽ സമീപത്തെ മൂന്നുവാർഡുകളിലെ പ്രശ്‌നം പരിഹരിക്കാമെന്ന നിർദ്ദേശം കഴക്കൂട്ടത്തെ പ്രശാന്ത്.എസ് മുന്നോട്ടുവച്ചു. ഞാണ്ടൂർക്കോണത്ത് നിസാരപ്രശ്നം പരിഹരിച്ചാൽ 60 കുടുംബങ്ങളുടെ വെള്ളക്ഷാമം പരിഹരിക്കപ്പെടും,​ എന്നാൽ വാട്ടർ അതോറിട്ടി തിരിഞ്ഞുനോക്കുന്നില്ലെന്നായിരുന്നു കൗൺസിലർ എ.പ്രദീപ്കുമാറിന്റെ പരാതി. തീരദേശത്ത് കിണറോ മറ്റുസൗകര്യങ്ങളോ സാദ്ധ്യമല്ലെന്നും കോർപ്പറേഷന്റെ ടാങ്കർ ലോറികൾക്ക് പലയിടങ്ങളിലും കടന്നുപോകാൻ കഴിയുന്നില്ലെന്നും പോർട്ട് വാർഡിലെ പനിയടിമ പറഞ്ഞു. ചെറിയ ടാങ്കറുകൾ സജ്ജമാക്കി ജലവിതരണം ഉറപ്പാക്കണമെന്നും പനിയടിമ ആവശ്യപ്പെട്ടു.

രാജാജിനഗർ പ്രദേശത്തെ ഉൾപ്പെടെ കുടിവെള്ള ക്ഷാമം തമ്പാനൂർ കൗൺസിലർ ഹരികുമാറും ശ്രദ്ധയിൽപ്പെടുത്തി. തെരുവുനായ പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്ന് വഴുതയ്ക്കാട് കൗൺസിലർ രാഖി രവികുമാറും മെഡിക്കൽകോളേജിലെ സിന്ധുവും ആവശ്യപ്പെട്ടു. കഴിഞ്ഞ കൗൺസിലിൽ നിർദ്ധനർക്കായി കുന്നുകുഴിയിൽ മാത്രം അനുവദിച്ച 140 കട്ടിൽ ഉടൻ ലഭ്യമാക്കണമെന്ന് കൗൺസിലർ മേരി പുഷ്‌പവും പറഞ്ഞു.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

Back To Top