ഭാരതപ്പുഴയിൽ മഹാമാഘ മഹോത്സവം

ഭാരതപ്പുഴയിൽ മഹാമാഘ മഹോത്സവം

തിരുനാവായ : കേരളത്തിന്റെ കുംഭമേളയായി അറിയപ്പെടുന്ന മഹാമാഘ മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വെള്ളിയാഴ്ച ഭാരതപ്പുഴയുടെ തീരത്ത് വിശേഷാൽ പൂജകളോടെയാണ് മഹോത്സവത്തിന് തുടക്കമാകുക. മേളയുടെ ഔപചാരിക ഉദ്ഘാടനം 19-ന് രാവിലെ 11-ന് നാവാമുകുന്ദ ക്ഷേത്രപരിസരത്ത് നടക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കുംഭമേള ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ സ്വാമി അഭിനവ ബാലാനന്ദ ഭൈരവയുടെ കാർമികത്വത്തിൽ നടക്കുന്ന ചടങ്ങുകളോടെയാണ് മഹാമാഘത്തിന് ആത്മീയ തുടക്കം കുറിക്കുന്നത്. കേരളത്തിലെ വിവിധ ഹിന്ദു സമ്പ്രദായങ്ങളിൽപ്പെട്ട ഭക്തർ, തങ്ങളുടെ അനുഷ്ഠാനങ്ങൾക്കനുസരിച്ച് തിരുനാവായയിൽ ദേവതാവന്ദനങ്ങളും പിതൃകർമങ്ങളും നിർവഹിക്കും. രാവിലെ ആറുമുതൽ ആയിനിപ്പുള്ളി വൈശാഖിന്റെ ആചാര്യകാർമികത്വത്തിൽ വീരസാധനക്രിയയും നടക്കും.

മഹോത്സവവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മഹാമാഘം സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി അറിയിച്ചു. ജനുവരി 19 മുതൽ ഫെബ്രുവരി 3 വരെ നീളുന്ന മഹോത്സവം, നാടിന്റെയും ആത്മീയ പാരമ്പര്യത്തിന്റെയും സംഗമമായി തിരുനാവായയെ മാറ്റും.ശനിയാഴ്ച രാവിലെ ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട് ആചാര്യനായി വൈദിക ശ്രാദ്ധകർമം നടത്തും. ഇതോടെയാണ് തിരുനാവായയിലെ കുംഭമേള ചടങ്ങുകൾക്ക് ഔപചാരിക തുടക്കം കുറിക്കുന്നത്. അതേസമയം, മേളയ്‌ക്കായി ഭാരതപ്പുഴയിൽ നടത്തുന്ന നിർമാണപ്രവർത്തനങ്ങൾക്ക് നേരത്തെ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.

ഇതേത്തുടർന്ന് മഹാമാഘമഹോത്സവ സമിതി ചെയർമാൻ അരീക്കര സുധീർ നമ്പൂതിരിയുടെ നേതൃത്വത്തിൽ സംഘാടകർ വ്യാഴാഴ്ച ജില്ലാ കളക്ടർ വി ആർ വിനോദുമായി നടത്തിയ ചർച്ചയ്‌ക്കുശേഷം, കർശന നിബന്ധനകളോടെ പ്രവർത്തനങ്ങൾ തുടരാനും ചടങ്ങുകൾ നടത്താനും ജില്ലാഭരണകൂടം വാക്കാൽ അനുമതി നൽകി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള സംഘം മേളാപരിസരവും സുരക്ഷാസംവിധാനങ്ങളും പരിശോധിച്ചു. ഭാരതപ്പുഴയുടെ തീരത്ത് ആത്മീയതയും പാരമ്പര്യവും ഒരുമിക്കുന്ന ദിവസങ്ങളാണ് ഇനി തിരുനാവായയെ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top