മനുഷ്യരെ അകറ്റാനുള്ള ശ്രമം കേരളം തള്ളിക്കളയണം

മനുഷ്യരെ അകറ്റാനുള്ള ശ്രമം കേരളം തള്ളിക്കളയണം

കണ്ണൂർ : സമുദായനേതാക്കൾ വർഗീയത പറയരുതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരളയാത്രയ്ക്ക് കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാടിന്റെ സാമൂഹികാന്തരീക്ഷത്തെ അത് അപകടപ്പെടുത്തും. ജനാധിപത്യത്തിലും സൗഹൃദത്തിലും വിശ്വസിക്കുന്നവരാണ് കേരളജനത. മതസൗഹാർദം ഇല്ലാതാക്കി മനുഷ്യരെ അകറ്റാനുള്ള ശ്രമം കേരളം തള്ളിക്കളയണം. ഇത് ജനാധിപത്യ സമൂഹത്തിന്‌ ഒരുനിലയ്ക്കും അംഗീകരിക്കാനാകില്ലെന്നും കാന്തപുരം പറഞ്ഞു. കേരളയാത്രയെ രണ്ടാംദിവസം പയ്യന്നൂരിൽ ജില്ലാ സുന്നി നേതാക്കൾ സ്വീകരിച്ചു. സെന്റിനറി ഗാർഡ് പരേഡും നടന്നു. സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ സമ്മേളനം ആരംഭിച്ചു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. കെ.പി. അബൂബക്കർ മുസ്‌ലിയാർ പട്ടുവം അധ്യക്ഷതവഹിച്ചു. ഉപനായകരായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി എന്നിവർ സംസാരിച്ചു.

മുഹമ്മദലി സഖാഫി വള്ളിയാട്, എം. മുഹമ്മദ് സ്വാദിഖ് എന്നിവർ പ്രമേയ പ്രഭാഷണം നടത്തി. കെ. സുധാകരൻ എംപി, കെ.വി. സുമേഷ് എംഎൽഎ, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, കെ.കെ. രാഗേഷ്, അബ്ദുൾകരീം ചേലേരി, കാസിം ഇരിക്കൂർ, ഹാമിദലി, ഹനീഫ് പാനൂർ എന്നിവർ പങ്കെടുത്തു. യാത്ര ശനിയാഴ്‌ച നാദാപുരം, ഞായറാഴ്‌ച കോഴിക്കോട്. 16-ന് വൈകീട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്താണ് സമാപനം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top