പഴയ വാഹനങ്ങള്‍ പ്രേമികൾ ശ്രദ്ധിക്കുക

പഴയ വാഹനങ്ങള്‍ പ്രേമികൾ ശ്രദ്ധിക്കുക

ഫിറ്റ്നസ് ഫീസ് പത്തിരട്ടി വര്‍ദ്ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.

തിരുവനന്തപുരം : വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഫീസുകള്‍ നിലവിലുള്ളതിനേക്കാള്‍ പത്തിരട്ടി വരെ വർദ്ധിപ്പിച്ച്‌ കേന്ദ്ര സർക്കാർ.
കേന്ദ്ര മോട്ടോർ വാഹന വകുപ്പിന്റെ നിയമങ്ങളില്‍ ഭേദഗതി വരുത്തിയാണ് പുതിയ നടപടി. പുതുക്കിയ ഫീസ് ഘടന രാജ്യവ്യാപകമായി ബാധകമാണ്.

പുതിയ നിയമം അനുസരിച്ച്‌, ഉയർന്ന ഫിറ്റ്നസ് ഫീസുകള്‍ക്കുള്ള കാലപഴക്കം 15 വർഷത്തില്‍ നിന്ന് 10 വർഷമായി കുറച്ചു. വാഹനങ്ങളുടെ പഴക്കം അനുസരിച്ച്‌ മ‌ൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ഫീസ് വർദ്ധിപ്പിക്കുന്നത്. 10-15 വർഷം, 15-20 വർഷം, 20 വർഷത്തില്‍ കൂടുതലുള്ള വാഹനങ്ങള്‍ എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്. വാഹനം ഉപയോഗിക്കുന്നതിന്റെ വർഷം കൂടുമ്പോൾ ഓരോ വിഭാഗത്തിനും ഉയർന്ന ഫീസാണ് ഇനി ഈടാക്കുക. ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വർദ്ധനവ് വരുത്തിയിട്ടുള്ളത്. 20 വർഷത്തിലധികം പഴക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റിനായി 25,000 രൂപ നല്‍കേണ്ടിവരും. നേരത്തെ ഇത് 2,500 രൂപ ആയിരുന്നു. ഇതേ കാലപഴക്കമുളള മീഡിയം കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപയും നല്‍കണം. 20 വർഷത്തില്‍ കൂടുതലുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങള്‍ക്ക് ഇനി 15,000 രൂപയാണ് നല്‍കേണ്ടത്. മുച്ചക്ര വാഹനങ്ങള്‍ക്ക് 7,000 രൂപയാണ് നിരക്ക്.

20 വർഷത്തിലധികം പഴക്കമുള്ള ടു – വീലറുകള്‍ക്ക് 600 രൂപയില്‍ നിന്ന് 2,000 രൂപയായി ഉയരുകയും ചെയ്തിട്ടുണ്ട്.

15 വർഷത്തില്‍ താഴെയുള്ള വാഹനങ്ങള്‍ക്കും ഉയർന്ന ഫീസ് ഈടാക്കും. ഫിറ്റ്‌നസ് ടെസ്റ്റുകള്‍ക്കായി മോട്ടോർസൈക്കിളുകള്‍ക്ക് 400 രൂപ നല്‍കണം. ലൈറ്റ് മോട്ടോർ വാഹനങ്ങള്‍ക്ക് 600 രൂപയും മീഡിയം, ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് 1,000 രൂപയുമാണ് നല്‍കേണ്ടത്. റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതവുമല്ലാത്ത വാഹനങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ പുതിയ നടപടി. പഴയ വാഹനങ്ങള്‍ കൂടുതല്‍ നിരക്കില്‍ പരിപാലിക്കുന്നത് ചെലവേറിയ കാര്യമാണ്. ഇത് വാഹന ഉടമകളെ അവ ഉപേക്ഷിക്കാനോ പുതിയത് വാങ്ങാനോ നിർബന്ധിതരാക്കും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top