സമ്പത്തിൻ്റെ ചാക്രിക പ്രവാഹം എന്ന ടീച്ചിങ് എയിഡിന് ഒന്നാം സ്ഥാനം.

സമ്പത്തിൻ്റെ ചാക്രിക പ്രവാഹം എന്ന ടീച്ചിങ് എയിഡിന് ഒന്നാം സ്ഥാനം.

തിരുവനന്തപുരം നോർത്ത് സബ് ജില്ലാതല സ്കൂൾ ശാസ്ത്രമേളയിൽ പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകനും പ്രിൻസിപ്പാളുമായ ഡോ കെ ലൈലാസ് അവതരിപ്പിച്ച ടീച്ചിങ് എയിഡിന് ഒന്നാം സ്ഥാനം നേടി ശ്രദ്ധേയമായി. ‘സമ്പത്തിൻ്റെ ചാക്രിക പ്രവാഹം’ (Circular Flow of Income) എന്ന വിഷയത്തെ ആസ്പദമാക്കി ഡോ ലൈലാസ് തയ്യാറാക്കിയ പഠന സഹായിക്കാണ് ഈ പുരസ്‌കാരം ലഭിച്ചത്. സാമ്പത്തിക ശാസ്ത്രത്തിലെ സങ്കീർണ്ണമായ ഒരു ആശയം ലളിതവും ആകർഷകവുമായ രീതിയിൽ അവതരിപ്പിച്ചതിനാണ് ഈ നേട്ടം.​പതിവുരീതികളിൽ നിന്ന് വ്യത്യസ്തമായി, സാമ്പത്തിക പ്രവർത്തനങ്ങളെയും സമ്പത്തിൻ്റെ ഒഴുക്കിനെയും കൃത്യമായ മോഡലുകളിലൂടെയും ചാർട്ടുകളിലൂടെയും ലൈലാസ് വിശദീകരിച്ചു. കുടുംബങ്ങൾ, സ്ഥാപനങ്ങൾ, സർക്കാർ, വിദേശ വ്യാപാരം എന്നിവ തമ്മിലുള്ള പരസ്പര ബന്ധവും പണത്തിൻ്റെയും സാധനങ്ങളുടെയും സേവനങ്ങളുടെയും കൈമാറ്റവും ഈ ടീച്ചിങ് എയിഡിൽ വ്യക്തമായി വരച്ചു കാട്ടി. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് സാമ്പത്തിക ശാസ്ത്രത്തിലെ അടിസ്ഥാന ആശയങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു മികച്ച പഠന സാമഗ്രിയാണെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. സാധാരണ ക്ലാസ് റൂം പഠനത്തിന് ഇത് വലിയൊരു മുതൽക്കൂട്ട് ആവുമെന്നും അവർ വിലയിരുത്തി.
​ ജില്ലാ തല ശാസ്ത്രമേളയിലേക്ക് ഡോ കെ ലൈലാസിൻ്റെ ഈ ടീച്ചിങ് എയിഡ് തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലും സംസ്ഥാനതലത്തിലും കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോ ലൈലാസ്. ഈ നേട്ടം സ്കൂളിന് അഭിമാനമായി മാറിയെന്ന് സ്കൂൾ അധികൃതരും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top