ഇംഗ്ലീഷ് മാസങ്ങളിൽ ഏറ്റവും സുന്ദരമായ മാസം ഡിസംബറാണത്രേ .
യൂറോപ്യൻ രാജ്യങ്ങളിലാണ് ഡിസംബർ എത്തുമ്പോഴേക്കും ജനങ്ങളുടെ ആവേശം കൊടുമുടിയിൽ എത്താറുള്ളത്. ക്രിസ്തുമസ്സിനേയും പുതുവത്സരത്തേയും വരവേൽക്കാനുള്ള ആവേശത്തിൽ പ്രകൃതി പോലും കുളിരണിഞ്ഞ് ഡിസംബറിനെ കൂടുതൽ മനോഹരമാക്കുന്നു .
ഡിസംബറും ഈ വർഷവും വിടവാങ്ങുന്ന അവസരത്തിൽ
2005 -ൽ പുറത്തുവന്ന “ഡിസംബർ ” എന്ന മലയാള ചലച്ചിത്രം പെട്ടെന്ന് ഓർമ്മയിലേക്ക് കടന്നുവന്നു .
ഈ ചിത്രം പെട്ടെന്ന് മനസ്സിൽ തെളിഞ്ഞു വരാൻ കാരണം “ഡിസംബർ ” എന്ന ചിത്രത്തിലെ അതിമനോഹരമായ
ഒരു ഗാനമാണ്.
“ഡിസംബർ ” എന്ന പേരിൽ ഒരു സിനിമ പുറത്തിറങ്ങിയിട്ടുണ്ടെന്നുള്ള
കാര്യം തന്നെ പലർക്കും അറിയില്ല.
അശോക് ആർ നാഥ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മഞ്ജുളൻ എന്ന ഒരു പുതുമുഖ നടനാണ് നായകനായി അഭിനയിച്ചത് .
നായിക അപർണയും പുതുമുഖമായിരുന്നു.
പൂജ സിനി സോണിന്റെ ബാനറിൽ ഷെറിൻ ആന്റണി നിർമ്മിച്ച ഡിസംബറിന്റെ കഥയും തിരക്കഥയും എഴുതിയത് ഡെന്നിസ് ജോസഫ് ആയിരുന്നു .
പയ്യന്നൂരിനടുത്തുള്ള അരവഞ്ചാൽ സ്വദേശിയായ മഞ്ജുളൻ
” കൂനൻ” എന്ന ഒരു ഏകപാത്ര നാടകത്തിലൂടെയാണ് ശ്രദ്ധേയനായത്.
“കൂനൻ ” എന്ന ഒറ്റയാൾ നാടകം ഇതിനകം ആയിരത്തിലധികം സ്റ്റേജുകളിൽ അവതരിപ്പിച്ചു എന്നാണ് അറിയുന്നത്.
സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഇതിലെ ഒരു ഗാനം ഇന്നും സംഗീത പ്രേമികൾ മനസ്സിൽ താലോലിക്കുന്നു .
കൈതപ്രം എഴുതി ജാസിഗിഫ്റ്റ് സംഗീതസംവിധാനം നിർവ്വഹിച്ച് യേശുദാസ് പാടിയ
” സ്നേഹത്തുമ്പി
ഞാനില്ലേ കൂടെ
കരയാതെൻ
ആരോമൽ തുമ്പീ…. “
എന്നതായിരുന്നു ആ സുന്ദരഗാനം .
യൂട്യൂബിൽ
ഈ ഗാനം കാണുമ്പോഴൊക്കെ
സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്നതിനാൽ ഈ ഗാനത്തിന് അർഹിക്കുന്ന ആദരവും അംഗീകാരവും കിട്ടിയില്ലെന്നു തോന്നിപ്പോയി.
ഡിസംബറും ഈ വർഷവും വിട പറയുന്ന ഇന്ന് “ഡിസംബർ ” എന്ന ചിത്രത്തിലെ
” സ്നേഹത്തുമ്പീ “
പകർന്നു തന്ന ആലാപനമാധുര്യത്തോടെ പുതു വർഷത്തെ നമുക്ക് വരവേൽക്കാം .
Wish You Happy New Year 2026
എഡിറ്റോറിയൽ ബോർഡ്, വില്ലേജ് ന്യൂസ് വെബ് ടിവി

