ഹാൽ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു

ഹാൽ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു

സെന്‍സര്‍ഷിപ്പ് വിവാദങ്ങള്‍ക്കൊടുവില്‍ ഹാല്‍ സിനിമയ്ക്ക് U/16 സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തുന്നത്. ഡിസംബര്‍ 25നാണ് റിലീസ്. നാളെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിടുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. സിനിമയിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശവുമായി സെന്‍സര്‍ ബോര്‍ഡ് എത്തിയതോടെയാണ് ചിത്രം വിവാദത്തിലായത്. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ ഡയലോഗുകള്‍ ഒഴിവാക്കണമെന്ന വിചിത്ര നിര്‍ദ്ദേശമാണ് സെന്‍സര്‍ ബോര്‍ഡ് ഹാല്‍ സിനിമയ്ക്കെതിരേ നല്‍കിയത്.

സെന്‍സര്‍ ബോര്‍ഡിന്റെ ഈ നീക്കത്തിനെതിരേ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങളുടെ പ്രണയം ആവിഷ്‌കരിക്കുന്നതിനാല്‍ അതിനെ ലൗ ജിഹാദ് എന്നു പറഞ്ഞ് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിനിമയുടെ പ്രമേയം ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേര്‍ന്നു പോകുന്നതാണെന്ന് ഹാല്‍ സിനിമ വിവാദത്തില്‍ ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഹാലിന് പ്രദര്‍ശനാനുമതി നല്‍കണമെങ്കില്‍ ആറിടങ്ങളില്‍ വെട്ടിക്കുറയ്ക്കണമെന്നായിരുന്നു സിബിഎഫ്‌സിയുടെ നിലപാട്. എന്നാല്‍ ഇതില്‍ നാലു കട്ടുകള്‍ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തു കൊണ്ട് സിബിഎഫ്സിയും കാത്തലിക് കോണ്‍ഗ്രസും സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതി ഇന്ന് തള്ളുകയുണ്ടായി. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. അപ്പീലില്‍ തീരുമാനമെടുക്കാന്‍ ജഡ്ജിമാര്‍ ഹാല്‍ സിനിമ നേരിട്ട് കണ്ടിരുന്നു. സിനിമ ആസ്വദിച്ചു എന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് അംഗങ്ങളുടെ നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top