ഇന്ത്യയിൽ ആദ്യമായി പണിയര്‍ വിഭാഗത്തില്‍നിന്നും ഒരു വനിതാ പഞ്ചായത്ത് പ്രസിഡന്റ്

ഇന്ത്യയിൽ ആദ്യമായി പണിയര്‍ വിഭാഗത്തില്‍നിന്നും ഒരു വനിതാ പഞ്ചായത്ത് പ്രസിഡന്റ്

എടവണ്ണ ചാലിയാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി അനുശ്രീ സുരേഷ് തെരഞ്ഞെടുക്കപ്പെട്ടതോടെ രചിക്കപ്പെടുന്നത് ഒരു പുതിയ ചരിത്രമാണ്.

മലപ്പുറം ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റാകുന്ന ആദ്യ ആദിവാസി വനിതയാണ് അനുശ്രീ. എന്നാല്‍, അതിനുമപ്പുറം മറ്റൊരു വിശേഷണം കൂടി അനുശ്രീ സുരേഷിനെ കാത്തിരിപ്പുണ്ടായിരുന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് പണിയർ വിഭാഗത്തില്‍നിന്നും ഒരു വനിത പഞ്ചായത്ത് പ്രസിഡന്റാകുന്നത്.

പണിയർ വിഭാഗത്തില്‍ നിന്നുള്ള രാജ്യത്തെ ആദ്യ പ്രസിഡന്റായിരുന്ന സിപിഎമ്മിലെ പി. മനോഹരനെ പരാജയപ്പെടുത്തിയാണ് അനുശ്രീ ഗ്രാമപഞ്ചായത്തംഗമായത്.

2025-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍, ചാലിയാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പദവി പട്ടിക വർഗ വനിതയ്ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇതാണ് അനുശ്രീയുടെ ചരിത്രനിയോഗത്തിലേക്ക് വഴിതെളിച്ചത്.

മലപ്പുറം ജില്ലയിലെ 94 ഗ്രാമപ്പഞ്ചായത്തുകളില്‍ പട്ടികവർഗ വനിതയ്ക്ക് സംവരണ വാർഡ് നല്‍കിയതും ചാലിയാറിന്. എന്നാല്‍ അനുശ്രീ വിജയിച്ചത് പട്ടിക വർഗ ജനറല്‍ വിഭാഗത്തിന് സംവരണംചെയ്യപ്പെട്ട നമ്ബൂരിപ്പൊട്ടി വാർഡില്‍ നിന്നാണ്.

പട്ടിക വർഗ വനിതാസംവരണ വാർഡായ അകമ്പാടത്ത് മുസ്ലിംലീഗിലെ ബിജി സുരേഷാണ് വിജയിച്ചത്. പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനായതിനാല്‍ നറുക്ക് അനുശ്രീ സുരേഷിനുതന്നെ.

പ്ലസ്ടു വിദ്യാഭ്യാസം നേടിയ അനുശ്രീ, നിലമ്ബൂരിലെ പുക പരിശോധനാ കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരിയാണ്. വനം പരിരക്ഷ, ടൂറിസം വികസനം, ആദിവാസി ക്ഷേമം എന്നിവ മുൻഗണന നല്‍കും എന്നും, ജനങ്ങളുടെ വിശ്വാസത്തോടൊപ്പം പ്രവർത്തിക്കുമെന്നും അനുശ്രീ വ്യക്തമാക്കിയിട്ടുണ്ട്.

384 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് നിലവിലെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരനെ പരാജയപ്പെടുത്തി അനുശ്രീ വിജയം നേടിയത്.

ചാലിയാർ പഞ്ചായത്തിലെ പെരുമ്പത്തൂർ തീക്കടി കൊടിയിരി സുരേഷാണ് അനുശ്രീയുടെ ഭർത്താവ്.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top