പാലക്കാട് നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ ഉയർന്ന ‘വോട്ടിന് പണം’ ആരോപണത്തിൽ ജില്ലാ കളക്ടറുടെ നിർണ്ണായക നീക്കം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ പാലക്കാട് ജില്ലാ കളക്ടർ (ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ) തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ കളക്ടർ നിർദ്ദേശം നൽകിയതായാണ് പുറത്തുവരുന്ന വിവരം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിശബ്ദ ദിനത്തിൽ പുറത്തുവന്ന ഈ റിപ്പോർട്ട് ബിജെപി ക്യാമ്പിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
കണ്ണാടിയിൽ വെച്ച് ഒരു വയോധികയ്ക്ക് ബിജെപി പ്രവർത്തകർ പണം നൽകിയെന്ന കോൺഗ്രസിന്റെ പരാതിയിലാണ് നടപടി. ശോഭ സുരേന്ദ്രൻ വയോധികയുടെ വീട്ടിൽ സന്ദർശനം നടത്തി മടങ്ങിയതിന് തൊട്ടുപിന്നാലെ കൂടെയുണ്ടായിരുന്ന പ്രവർത്തകർ പണം കൈമാറുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കളക്ടറുടെ നടപടി. പണം നൽകിയ സ്ത്രീ ശോഭ സുരേന്ദ്രനും കേന്ദ്രമന്ത്രിക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങളും കോൺഗ്രസ് തെളിവായി ഹാജരാക്കിയിരുന്നു. ഇതോടെ ആരോപണം രാഷ്ട്രീയ വിവാദമായി പടരുകയാണ്.
എന്നാൽ, ഈ ആരോപണങ്ങളെ ശോഭ സുരേന്ദ്രൻ ശക്തമായി നിഷേധിച്ചു. വയോധികയുടെ കൈവശമുണ്ടായിരുന്നത് അവരുടെ ക്ഷേമ പെൻഷൻ തുകയാണെന്നും തന്നെ മനഃപൂർവ്വം കുടുക്കാൻ കോൺഗ്രസ് കെട്ടിച്ചമച്ച കഥയാണിതെന്നും അവർ പ്രതികരിച്ചു. തന്നെ പിന്തുടർന്ന കോൺഗ്രസ് പ്രവർത്തകർ അപമര്യാദയായി പെരുമാറിയെന്നും ശോഭ ആരോപിച്ചു. നിശബ്ദ പ്രചാരണ വേളയിൽ മുന്നണികൾ തമ്മിലുള്ള വാക്പോര് മുറുകുന്നതിനിടെ കളക്ടർ സമർപ്പിച്ച റിപ്പോർട്ട് വോട്ടർമാരുടെ തീരുമാനങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയണം. പാലക്കാട് മണ്ഡലത്തിലെ സുരക്ഷയും നിരീക്ഷണവും പോലീസ് ശക്തമാക്കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി കൂട്ടായ്മയിലേക്ക് സ്വാഗതം ❤️👍
https://chat.whatsapp.com/Ji8avYbR2083iPgNTrZvQw?mode=gi_t
