കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ ശാരീരികാസ്വാസ്ഥ്യവും വിറയലും അനുഭവപ്പെട്ടതോടെ പനിയെന്ന് കരുതി ബന്ധുക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു
കൊല്ലം: ഏഴുമാസം മുൻപ് തെരുവുനായയുടെ കടിയേറ്റയാൾ മരിച്ചു. കൊട്ടാരക്കര പെരുങ്കുളം നെടിയവിള പുത്തൻവീട്ടിൽ ബിജു(52) ആണ് പേവിഷബാധാ ലക്ഷണങ്ങളോടെ മരിച്ചത്. ബിജുവിന് ഏഴുമാസംമുൻപ് തെരുവുനായയുടെ കടിയേറ്റിരുന്നതായും പേവിഷപ്രതിരോധ കുത്തിവെപ്പ് ഒരുഡോസ് മാത്രമാണ് എടുത്തതെന്നും ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ ശാരീരികാസ്വാസ്ഥ്യവും വിറയലും അനുഭവപ്പെട്ടതോടെ പനിയെന്ന് കരുതി ബന്ധുക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആദ്യം പൂവറ്റൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചു. അലർജി പരിശോധനാ കുത്തിവെപ്പ് നൽകി കുറച്ചുകഴിഞ്ഞപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയത്.
പ്രതിരോധ കുത്തിവെപ്പ് മൂന്നെണ്ണം എടുക്കാതിരുന്നതാകാം അപകടകാരണമായതെന്ന് ഡോക്ടർമാർ പറയുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ദിവസക്കൂലി തൊഴിലാളിയായിരുന്നു ബിജു. അമ്മ: രാജമ്മ.