സ്ത്രീകളുടെ രാത്രി യാത്ര സുരക്ഷ ഉറപ്പാക്കുന്നതിനായി വനിതാ കമ്മിഷൻ നടത്തുന്ന പ്രത്യേക കാമ്പെയിന്റെ ഭാഗമായി കോഴിക്കോട് ഗവ. സൈബർ പാർക്കിലെ ജീവനക്കാർക്കായി സംഘടിപ്പിച്ച ബോധവത്കരണം ചെയർപേഴ്സൺ അഡ്വ.പി സതീദേവി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട് : തൊഴിലെടുക്കുന്ന സ്ത്രീകൾ രാത്രികാലങ്ങളിൽ അനുഭവിക്കുന്ന യാത്രാപ്രശ്‌നത്തിന് പരിഹാരം കാണാൻ വനിതാ കമ്മിഷന്റെ ഇടപെടൽ. സ്വകാര്യസ്ഥാപനങ്ങളിലും സൈബർ പാർക്കുകളിലും ജോലിചെയ്യുന്ന സ്ത്രീകൾ രാത്രി താമസ സ്ഥലത്തേക്ക് എത്തുന്നത് വലിയ പരാതിയും പ്രയാസങ്ങളുമായി ഉയർന്ന ഘട്ടത്തിലാണ് ഇതുസംബന്ധിച്ച് സർവേ നടത്തി സർക്കാരിന് സമർപ്പിച്ച് പരിഹാരം കാണാൻ ഇടപെടുമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ്യ പി.സതീദേവി വ്യക്തമാക്കിയത്. സ്ത്രീകളുടെ രാത്രി യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി വനിതാ കമ്മിഷൻ നടത്തുന്ന പ്രത്യേക അവബോധ കാമ്പെയിന്റെ ഭാഗമായി കോഴിക്കോട് ഗവ. സൈബർ പാർക്കിലെ ജീവനക്കാർക്കായി നടത്തിയ പരിപാടിയിലാണ് കമ്മിഷൻ അദ്ധ്യക്ഷ നിലപാട് വ്യക്തമാക്കിയത്.
രാത്രി യാത്രക്കിടെ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് മനസിലാക്കി പരിഹരിക്കാൻ സ്ത്രീകളുടെ നിർദ്ദേശങ്ങൾ ശുപാർശകളാക്കി സർക്കാരിന് സമർപ്പിക്കുകയാണ് കാമ്പെയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സതീദേവി പറഞ്ഞു. കോഴിക്കോട് നഗരത്തിൽ നിരവധി സ്വകാര്യസ്ഥാപനങ്ങളിൽ രാത്രികാലം ജോലി ചെയ്യുന്ന വനിത ജീവനക്കാരുണ്ട്. പലർക്കും ജോലി കഴിഞ്ഞാൽ സുരക്ഷിതമായി താമസ സ്ഥലത്തെത്താൻ സ്ഥാപനം നടത്തുന്നവർ സൗകര്യം ചെയ്യുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ഇന്നലെ സൈബർപാർക്കിൽ നടന്ന സെമിനാറിൽ വനിതാ കമ്മിഷൻ അദ്ധ്യക്ഷയുടെ ഇടപെടൽ. പരിപാടിയിൽ കമ്മിഷൻ അംഗം പി.കുഞ്ഞായിഷ അദ്ധ്യക്ഷത വഹിച്ചു. റിസർച്ച് ഓഫീസർ എ ആർ അർച്ചന, ജുവനൈൽ വിംഗ് അസി. സബ് ഇൻസ്‌പെക്ടർ രഘീഷ് പറക്കോട് , വനിത കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, സൈബർ പാർക്ക് എച്ച് ആർ മാർക്കറ്റിംഗ് മാനേജർ എം അനുശ്രീ, കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ, ലോ ഓഫീസർ കെ ചന്ദ്രശോഭ തുടങ്ങിയവർ പ്രസംഗിച്ചു.
