ലോക്‌സഭാ സ്‌പീക്കർക്കെതിരായ അവിശ്വാസ നോട്ടീസ്

ന്യൂഡൽഹി : പ്രതിപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയ പശ്ചാത്തലത്തിൽ ലോക്‌സഭ സ്‌പീ‌ക്കർ ഓം ബിർല ഇന്ന് സഭയിൽ നിന്ന് വിട്ടുനിൽക്കും. പ്രമേയത്തിൽ അന്തിമ തീരുമാനം വരുന്നതുവരെ സ്‌പീക്കർ സഭയിലെത്തില്ലെന്നാണ് സൂചന. ബഡ്‌ജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം വെള്ളിയാഴ്‌ച അവസാനിക്കും. ലോക്‌സഭയിൽ ഇന്നും ബഡ്‌ജറ്റിന്മേലുള്ള ചർച്ച തുടരും. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഇന്ന് സഭയിൽ സംസാരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. ധനമന്ത്രി ഇന്ന് ചർച്ചയ്‌ക്ക് മറുപടി നൽകും.

അതേസമയം, ലോക്‌സഭാ സ്‌പീക്കറെ നീക്കാനുള്ള നോട്ടീസിൽ സെക്രട്ടറി ജനറൽ നിയമോപദേശം തേടും. നോട്ടീസ് ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കും. ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്ന് സെക്രട്ടറി ജനറലിനോട്‌ സ്‌പീക്കർ നിർദേശിച്ചു. നോട്ടീസ് മാർച്ച് ഒമ്പതിന് സഭയിൽ ചർച്ചയ്‌ക്കെടുക്കാനാണ് സാദ്ധ്യത.

അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിൽ മൂന്ന് കാരണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിച്ചില്ലെന്നാണ് പ്രാധാനമായും ആരോപിക്കുന്നത്. സഭയിൽ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ ബഡ്‌ജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം അവസാനിക്കുന്നതുവരെ (ഏപ്രിൽ 13 വരെ) സസ്‌പെന്റ് ചെയ്‌തതാണ് മറ്റൊരു കാരണം. കൂടാതെ, പ്രധാനമന്ത്രിയെ വനിതാ എംപിമാർ അപായപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിശദീകരണം നൽകാൻ രാഹുൽ ഗാന്ധിക്ക് അവസരം നൽകാത്തതും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്‌ച രാവിലെ സഭ ചേർന്നപ്പോഴും വനിതാ എംപിമാർക്കെതിരായ ആരോപണത്തിൽ വിശദീകരണം നൽകാൻ അവസരം നൽകണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യവും സ്‌പീക്കർ നിഷേധിച്ചിരുന്നു. സഭയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ പ്രമേയം പാസാകാനുള്ള സാദ്ധ്യത കുറവാണെങ്കിലും സ്‌പീക്കർക്കെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top