തിരുവനന്തപുരം : സർക്കാർ ഓഫീസുകളിലെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കാനുള്ള നിർദ്ദേശത്തെ സർവീസ് സംഘടനകൾ പൊതുവെ സ്വാഗതം ചെയ്തു,
പ്രവർത്തന മണിക്കൂറുകളിൽ വരുന്ന നഷ്ടം പ്രവൃത്തി സമയത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് നികത്താവുന്നതാണെന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ അവധികൾ വെട്ടിക്കുറക്കാൻ പാടില്ലെന്ന് എല്ലാ സംഘടനകളും ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് സർവീസ് സംഘടനാ പ്രതിനിധികളുടെ ആദ്യയോഗം ഇന്നലെ ഓൺലൈനായി നടന്നപ്പോഴാണ് ഈ നിർദേശങ്ങൾ ഉയർന്നത്.
ചീഫ് സെക്രട്ടറി ഡോ.ജയതിലക് വിളിച്ച യോഗത്തിൽ ജി.എ.ഡി.സെക്രട്ടറി കെ.ബിജു സർക്കാർ നിർദ്ദേശം അവതരിപ്പിച്ചു.
ഒരുദിവസം കൂടുതൽ അവധി നൽകുന്നത് മൂലമുള്ള കുറവ് നികത്താൻ കേന്ദ്ര മാതൃകയിൽ ലീവുകൾ കുറയ്ക്കാനും ജോലിസമയം വർദ്ധിപ്പിക്കാനുമുള്ള നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും കെ.ബിജു ചൂണ്ടിക്കാട്ടി.
യോഗ തീരുമാനങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും വിശദമായ ചർച്ചകൾക്ക് സംഘടനാപ്രതിനിധികളുടെ നേരിട്ടുള്ള യോഗം വിളിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ നിർദ്ദേശം അജണ്ടയായി സമർപ്പിക്കാതിരുന്നതിനെയും യോഗം ഓൺലൈനായി വിളിച്ചതിനെയും സംഘടനകൾ വിമർശിച്ചു.സർക്കാർ ഡോക്ടർമാരുടെയും മെഡി.കോളേജ് അധ്യാപകരുടെയും സംഘടനകൾ ഇക്കാര്യത്തിലുള്ള പരിമിതികൾ യോഗത്തിൽ ഉന്നയിച്ചു.പ്രത്യേക ചർച്ചകൾ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
അവധി പോലുള്ള സർവീസ് കാര്യങ്ങളെ ബാധിക്കുമെങ്കിൽ എതിർക്കുമെന്നും അവധികൾ വെട്ടിക്കുറയ്ക്കരുതെന്നും ജോലിയിൽ ഫ്‌ളെക്സി ടൈം അനുവദിക്കണമെന്നും കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.
യോഗത്തിൽ എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി ശശിധരൻ, എൻ.ജി.ഒ അസോസിയേഷൻ പ്രസിഡന്റ് എം .എം.ജാഫർ ഖാൻ, ജോയിന്റ് കൗൺസിൽ ചെയർമാൻ സജീവ്, സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം. എസ്. ഇർഷാദ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി .പുരുഷോത്തമൻ, എൻ.ജി.ഒ സംഘ് ട്രഷറർ സജീവൻ ചാത്തോത്ത്, കെ. ജി.ഒ.യു.പ്രസിഡന്റ് കെ.സി.സുബ്രഹ്മണ്യം, കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് .എസ്. ദീപു,തുടങ്ങിയവർ ഉൾപ്പെടെ 80 ഓളം സർവീസ് സംഘടനകൾ പങ്കെടുത്തു.
