പിതാവിനെ വെടിവെച്ചുകൊന്ന് 19-കാരൻ

ലഖ്നൗ : നീറ്റ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ പിതാവ് നിരന്തരം സമ്മർദം ചെലുത്തിയതിനെത്തുടർന്ന് പത്തൊൻപതുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു വീടിനുള്ളിലെ ഡ്രമ്മിൽ ഒളിപ്പിച്ചു. ലഖ്നൗവിലെ വർധമാൻ പാത്തോളജി ഉടമയായ മാൻവേന്ദ്ര പ്രതാപ് സിങ്ങാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അക്ഷത് പ്രതാപ് സിങ്ങിനെ പോലീസ് അറസ്റ്റുചെയ്തു.

കഴിഞ്ഞ ഫെബ്രുവരി 20 മുതൽ മാൻവേന്ദ്ര സിങ്ങിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മകൻ അക്ഷതിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്ലസ് ടുവിന് ബയോളജി പഠിച്ചിരുന്ന അക്ഷത് നിലവിൽ ബി.കോം വിദ്യാർഥിയാണ്. എന്നാൽ മകൻ ഡോക്ടറാകണമെന്ന ആഗ്രഹത്താൽ നീറ്റ് പരീക്ഷയ്ക്ക് പഠിക്കാൻ പിതാവ് നിരന്തരം നിർബന്ധിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലി സംഭവദിവസം വീട്ടിലുണ്ടായ തർക്കത്തിനൊടുവിൽ അക്ഷത് തോക്കെടുത്ത് പിതാവിനെ വെടിവയ്ക്കുകയായിരുന്നു. 2018-ൽ അമ്മ മരിച്ചതിനെത്തുടർന്ന് പിതാവിനും സഹോദരിക്കുമൊപ്പമാണ് അക്ഷതിന്റെ താമസം.

കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി ക്രൂരമായ നടപടികളാണ് പ്രതി സ്വീകരിച്ചത്. വീടിന്റെ മൂന്നാം നിലയിൽവെച്ച് നടത്തിയ കൊലപാതകത്തിന് ശേഷം മൃതദേഹം താഴത്തെ നിലയിലെത്തിച്ച് കഷ്ണങ്ങളാക്കി മുറിച്ചു. ശരീരഭാഗങ്ങളിൽ ചിലത് സദരോണ ഗ്രാമത്തിന് സമീപം ഉപേക്ഷിക്കുകയും ബാക്കിയുള്ളവ വീട്ടിനുള്ളിലെ പ്ലാസ്റ്റിക് ഡ്രമ്മിൽ ഒളിപ്പിക്കുകയുമായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽനിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു. ഫോറൻസിക് സംഘം സ്ഥലത്തെത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും നിയമനടപടികൾ ആരംഭിച്ചതായും ഡി.സി.പി വിക്രാന്ത് വീർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top