പാറശാല താലൂക്ക് ആശുപത്രിയിൽ നോക്കുകുത്തിയായി സ്പെഷ്യാലിറ്റി ബ്ലോക്ക്

പാറശാല: പാറശാല താലൂക്ക് ആശുപത്രിൽ ദിവസേന ചികിത്സതേടിയെത്തുന്ന ആയിരക്കണക്കിന് രോഗികൾ സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുമ്പോൾ ആശുപത്രിക്ക് മുന്നിൽ നോക്കുകുത്തിയായി നിൽക്കുകയാണ് പുതിയ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് സമുച്ചയം. പൊതു ഖജനാവിൽ നിന്നുള്ള 50 കോടിയോളം രൂപ ചെലവഴിച്ചാണ് ആശുപത്രി കോമ്പൗണ്ടിലെ പുതിയ മന്ദിരം നിർമ്മിച്ചത്. പണിപൂർത്തിയാക്കി 2025ജനുവരി 1ന് തുറന്ന് പ്രവർത്തിപ്പിക്കുമെന്നുപറഞ്ഞ മന്ദിരസമുച്ചയം കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിനെ ലക്ഷ്യമായി 2025ഒക്ടോബറിൽ ഉദ്‌ഘാടനം ചെയ്തെങ്കിലും അടിസ്ഥാന സൗകര്യങ്ങളോ അനുബന്ധ സജ്ജീകരണങ്ങളോ ഒരുക്കാതെ അടച്ചുപൂട്ടിയ നിലയിലാണ്.

വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ ആശുപത്രിയുടെ ദൈനംദിന ഭരണ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന പാറശാല ബ്ലോക്ക് പഞ്ചായത്തിന് കൈമാറാനും കഴിയാത്ത അവസ്ഥയാണ്. പുതിയ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നതോടെ ദിവസേന 40പേർക്ക് ഡയാലിസിസ് ചെയ്യാനാകുമെന്നാണ് പറഞ്ഞിരുന്നത്. പാറശാല താലൂക്ക് ആസ്ഥാന ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ബഹുനില മന്ദിരം തുറന്ന് പ്രവർത്തിപ്പിക്കാൻ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top