നെല്ല് സംഭരണ ബോണസ്

തിരുവനന്തപുരം : നെല്ലിനുള്ള എം.എസ്.പി ബോണസ് നിറുത്താനുള്ള തീരുമാനത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്രധനമന്ത്രി നിർമ്മലാസീതാരാമന് കത്തയച്ചു.

നെല്ലിനുളള താങ്ങുവിലയ്ക്ക് പുറമേ പ്രഖ്യാപിക്കുന്ന ബോണസ് പുനഃപരിശോധിക്കണമെന്ന് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾക്ക് എക്സ്‌പെൻഡിച്ചർ സെക്രട്ടറി കത്തയച്ചിരുന്നു. ഇത് നെൽകർഷകരിൽ ആശങ്കയുണ്ടാക്കിയത് കണക്കിലെടുത്താണ് ബി.ജെ.പി അദ്ധ്യക്ഷന്റെ ഇടപെടൽ.

മികച്ച ഉത്പാദനമുള്ള മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തെ ഉൾപ്പെടുത്തുന്നത് ശരിയല്ലെന്ന് രാജീവ് ചന്ദ്രശേഖർ കത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിൽ നെല്ലുത്പാദനം വർഷങ്ങളായി കുറഞ്ഞുവരികയാണ്. കേന്ദ്രത്തിന്റെ കരുതൽ ശേഖരത്തിലേക്ക് അധികം വിഹിതം നൽകുന്ന ഒരു സംസ്ഥാനമല്ല കേരളം. ഉത്പാദനച്ചെലവ്, സംഭരണ സംവിധാനങ്ങളിലെ പോരായ്മകൾ എന്നിവ കാരണം കേരളത്തിലെ കർഷകർ വർഷങ്ങളായി അവഗണന നേരിടുകയാണ്. സംസ്ഥാന സർക്കാർ കൃത്യസമയത്ത് സാമ്പത്തിക സഹായം നൽകാത്തതിനാൽ സ്വകാര്യ പണമിടപാടുകാരെ ആശ്രയിക്കേണ്ടി വരുന്നത് കർഷകരെ കടക്കെണിയിലാക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സാഹചര്യം പ്രത്യേകമായി പരിഗണിക്കണമെന്നും ബോണസ് നിറുത്തലാക്കാനുള്ള നിർദ്ദേശത്തിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top