ടെക്നോപാർക്ക് ഫെയ്സ് ത്രീയിലെ കെട്ടിടത്തിൽ പെയിൻ്റു ചെയ്യുന്ന ജോലിക്കിടെ തൊഴിലാളി വീണു മരിച്ചു. ആസ്സാം ജിരിഖഡ്, കച്ചാർ സ്വദേശി കാജോൾ ഹുസൈൻ ലാസ്കർ (21) ആണ് കെട്ടിടത്തിനു മുകളിൽ നിന്നും വീണുമരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കുകയാണ്.
വെള്ളി വൈകുന്നേരമാണ് അപകടം. ടെക്നോപാർക്കിലെ ക്വിസ്റ്റ് കമ്പനിയിലെ കെട്ടിടത്തിൻ്റെ മുകളിൽ പെയിൻ്റിങ് ചെയ്യാനായി യന്ത്രം ഉപയോഗിച്ച് ഭിത്തി കഴുകുമ്പോൾ ആണ് നിലത്തുവീണത്. വൈദ്യുതി ബന്ധമുള്ള യന്ത്രത്തിൽ നിന്നാണോ അപകടം എന്ന് വ്യക്തമല്ല. ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.”

