തിരുവനന്തപുരം : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തി അധികാരത്തിലേറുമെന്ന് യു.ഡി.എഫ് സ്വപ്നം കാണുമ്പോഴും, നാല് ജില്ലകളിൽ കോൺഗ്രസിന്റെ നില തൃപ്തികരമല്ലെന്ന് സർവെ റിപ്പോർട്ട്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ,പാലക്കാട് ജില്ലകളിൽ കാര്യമായ നേട്ടമുണ്ടാക്കില്ലെന്നാണ് തിരഞ്ഞെടുപ്പ് വിശാരദൻ സുനിൽ കനഗോലുവിന്റെ സർവേ റിപ്പോർട്ടിൽ പറയുന്നത്.
യു.ഡി.എഫ് തിളക്കമാർന്ന പ്രകടനം നടത്തിയ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ സർവേയിലെ കാര്യങ്ങൾ കോൺഗ്രസ് നേതൃത്വം അപ്പാടെ വിഴുങ്ങിയിട്ടില്ലെങ്കിലും, നാല് ജില്ലകളുടെ കാര്യത്തിൽ അവർക്കും സംശയമില്ല. നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സ്വന്തം നിലയ്ക്ക് നടത്തിയ വിലയിരുത്തലിലും മറ്റൊരു ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തെ നിയോഗിച്ചു നടത്തിയ പഠനത്തിലും ഏറെക്കുറെ സമാനമായ കണ്ടെത്തലുകളാണുള്ളത്.
ആലപ്പുഴയിലും തൃശൂരിലും സംഘടനാപരമായി വലിയ ദൗർബല്യമുണ്ടെന്നാണ് കനഗോലു റിപ്പോർട്ടിൽ പറയുന്നത്. ഒൻപത് മണ്ഡലങ്ങളുടെ ആലപ്പുഴ ജില്ലയിൽ 2021 തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചത് ചെന്നിത്തലയുടെ ഹരിപ്പാട്ട് മാത്രമാണ്. 13 മണ്ഡലങ്ങളുള്ള തൃശൂരിൽ സനീഷ് കുമാർ ജോസഫ് ജയിച്ച ചാലക്കുടി മാത്രമാണ് കോൺഗ്രസിനുള്ളത്.14 അസംബ്ളി മണ്ഡലങ്ങളുള്ള തിരുവനന്തപുരത്തും എം.വിൻസെന്റ് ജയിച്ച കോവളത്ത് കോൺഗ്രസ് ഒതുങ്ങി. എന്നാൽ പാലക്കാടിന്റെ കാര്യത്തിൽ കനഗോലുവിന്റെ കണ്ടെത്തൽ അത്ര കൃത്യമല്ലെന്നാണ് പല നേതാക്കളുടെയും പക്ഷം. 12 മണ്ഡലങ്ങളുള്ള പാലക്കാട്ട് മണ്ണാർക്കാട് ലീഗും പാലക്കാട് കോൺഗ്രസുമാണ് ജയിച്ചത്. എന്നാൽ,വരുന്ന തിരഞ്ഞെടുപ്പിൽ പാലക്കാട്, ചിറ്റൂർ, മണ്ണാർക്കാട്, തൃത്താല മണ്ഡലങ്ങളിൽ യു.ഡി.എഫ് ജയിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. ചിലപ്പോൾ കോങ്ങാടും പിടിക്കാം.
പല മണ്ഡലങ്ങളിലും മുസ്ലീം വോട്ടുകൾ കോൺഗ്രസിന് അനുകൂലമായി ക്രോഡീകരിക്കും.. എന്നാൽ ക്രൈസ്തവ സമൂഹത്തിന്റെ വോട്ടുകൾ പ്രതീക്ഷിക്കും പോലെ കോൺഗ്രസിലേക്ക് എത്തില്ലെന്നാണ് കനഗോലു റിപ്പോർട്ടിലെ കണ്ടെത്തൽ. എൽ.ഡി.എഫിനും യു.ഡി.എഫിനും 40 ശതമാനത്തിന് മേൽ വോട്ടു ലഭിച്ചേക്കും. എൻ.ഡി.എയ്ക്ക് പ്രതീക്ഷിക്കാവുന്നത് 15 ശതമാനവും.
