എക്സൈസ് എൻഫോഴ്സ്മെന്റ് വീഴ്ചയിൽ കോടികളുടെ ക്രമക്കേട്

തിരുവനന്തപുരം: എക്സൈസ് തീരുവ, ലൈസൻസ് ഫീസ് എന്നിവ ഈടാക്കാതിരിക്കുകയോ, കുറവായി ഈടാക്കുകയോ ചെയ്തതുൾപ്പെടെ 6.68 കോടിയുടെ ക്രമക്കേടുകൾ കണ്ടെത്തിയതായി സി.എ.ജി റിപ്പോർട്ട്. മറ്റു ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 15.94 കോടിയുടെ 32 കേസുകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ക്ളബ്ബുകളുടെ ലൈസൻസ് (എഫ്.എൽ-4) അനുവദിക്കുന്നതിലും ക്രമക്കേടുണ്ട്. നാല് ജില്ലകളിൽ അനുവദിച്ച 23 ക്ളബ്ബ് ലൈസൻസുകളിൽ 17 എണ്ണമാണ് ഓഡിറ്റിന് വിധേയമാക്കിയത്. ക്ളബ്ബ് സൊസൈറ്റിയായി രജിസ്റ്റർ ചെയ്തിരിക്കണമെന്നും ഭൂമിയും കെട്ടിടങ്ങളും അത്തരം സൊസൈറ്രിയുടെ പേരിലായിരിക്കണമെന്നുമുള്ള വ്യവസ്ഥയ്ക്ക് വിരുദ്ധമായി ചില ക്ളബ്ബുകൾക്ക് ലൈസൻസ് നൽകി.

നടപടിക്രമങ്ങളിലെ വീഴ്ചകാരണം അബ്കാരി കേസുകളിലെ പ്രതികളെ വെറുതെവിടുന്ന സാഹചര്യമുണ്ടാവുന്നു. തിരഞ്ഞെടുത്ത ജില്ലകളിൽ 2020 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ തീർപ്പാക്കിയ 194 കേസുകളിൽ 38 എണ്ണം ഓഡിറ്റിന് വിധേയമാക്കിയപ്പോൾ 33ലും വീഴ്ചകൾ കാരണം സെഷൻസ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കി.

ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് കള്ള് കൊണ്ടുപോകുന്നതിന് പെർമിറ്റ് ഫീസും അധിക പെർമിറ്റ് ഫീസും ഈടാക്കേണ്ടതുണ്ട്. പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസിലെയും ചിറ്റൂർ എക്സൈസ് സർക്കിൾ ഓഫീസിലെയും രേഖകൾ പരിശോധിച്ചതിൽ 846.53 ലക്ഷം ഫീസ് ഈടാക്കേണ്ട സ്ഥാനത്ത് 36.65 ലക്ഷത്തിന് മാത്രമാണ് ഡിമാൻഡ് നോട്ടീസ് നൽകിയതെന്ന് കണ്ടെത്തി. ഇതിൽ 15.41 ലക്ഷമാണ് പിരിച്ചെടുത്തത്. 831.12 ലക്ഷത്തിന്റെ നഷ്ടമാണ് വരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top