ലീഡർക്കും സോണിയാ ഗാന്ധിക്കും തിരുത മത്സ്യം നൽകി സ്ഥാനമാനങ്ങൾ നേടി എന്ന അർത്ഥത്തിലാണ് അത്തരം വിളികളെന്നും അതിലൊന്നും തനിക്ക് വലിയ പ്രശ്നം തോന്നിയിട്ടില്ലെന്നും കെ വി തോമസ് പറയുന്നു
കെ വി തോമസ്
കൊച്ചി: രാഷ്ട്രീയത്തിൽ പ്രവേശിച്ചതുമുതൽ തന്നെ കുറിച്ച് ഒട്ടേറെ കഥകളും കളിയാക്കലും വന്നിട്ടുണ്ടെന്നും ഒരു കുമ്പളങ്ങിക്കാരനായതിനാൽ അതിലൊന്നും പ്രശ്നം തോന്നിയിട്ടില്ലെന്നും മുൻ കേന്ദ്രമന്ത്രിയും നിലവിൽ കേരള സര്‍ക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ കെ വി തോമസ്. ‘കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന പേരിലുള്ള വീഡിയോ പരമ്പരയിലാണ് ‘തിരുതാ തോമ’ എന്ന് തന്നെ കളിയാക്കി വിളിക്കുന്നതിനെ കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്. 12 മിനിറ്റുള്ള വീഡിയോയിൽ 30 സെക്കന്റോളം വരുന്നഭാഗത്താണ് തിരുതാ തോമാ കളിയാക്കലിനെ കുറിച്ച് കെ വി തോമസ് പറയുന്നത്.
ലീഡർക്കും സോണിയാ ഗാന്ധിക്കും തിരുത മത്സ്യം നൽകി സ്ഥാനമാനങ്ങൾ നേടി എന്ന അർത്ഥത്തിലാണ് അത്തരം വിളികളെന്നും അതിലൊന്നും തനിക്ക് വലിയ പ്രശ്നം തോന്നിയിട്ടില്ലെന്നും കെ വി തോമസ് പറയുന്നു. തിരുത കൊടുത്ത് സ്ഥാനമാനങ്ങൾ നേടാമെങ്കിൽ പിന്നെ തിമിംഗലം തന്നെ കൊടുത്തുകൂടേ എന്നും അദ്ദേഹം ചോദിക്കുന്നു. കുമ്പളങ്ങിക്കാരനായതിനാൽ ഇത്തരം കളിയാക്കലുകളൊന്നും ബാധിക്കാറില്ലെന്നും ഇതുകേട്ട് ചിരിക്കുകയോ ഉള്ളൂവെന്നും അദ്ദേഹം പറയുന്നു.
കെ വി തോമസിന്റെ വാക്കുകൾ- ‘രാഷ്ട്രീയത്തിൽ പ്രവേശിച്ച സന്ദർഭത്തിൽ എന്നെ കളിയാക്കാൻ ധാരാളം സ്റ്റോറികൾ വന്നിട്ടുണ്ട്. അതിലൊന്നാണ് എന്നെ വിളിക്കുന്ന തിരുത തോമാ. എന്താ കഥ… ഞാൻ തിരുത ലീഡർക്കും സോണിയാ ഗാന്ധിക്കും കൊടുത്ത് സ്ഥാനമാനങ്ങൾ നേടി എന്നുള്ളതാണ്. അതിൽ വലിയ പ്രശ്നം എനിക്ക് തോന്നിയിട്ടില്ല. കാരണം ഞാനൊരു കുമ്പളങ്ങിക്കാരനാണ്. തിരുത കൊടുത്ത് സ്ഥാനമാനങ്ങൾ കിട്ടുമെങ്കിൽ തിമിംഗലം കൊടുത്തുകൂടെ. പറയുന്നവർക്കതിൽ സന്തോഷമുണ്ടെങ്കിൽ പറഞ്ഞോട്ടേ. ഈ കുമ്പളങ്ങി കഥകൾ പറഞ്ഞ് എന്നെ കളിയാക്കാറുണ്ട്. ഞാൻ അതുകേട്ട് ചിരിക്കുകയേ ഉള്ളൂ. കാരണം ഞാനൊരു കുമ്പളങ്ങിക്കാരനാണ്’.