ചെന്നൈ: നിലവിലെ ചാംപ്യമാരും ആതിഥേയരുമായ ടീം ഇന്ത്യ ടി20 ലോകകപ്പിലെ ഏറ്റവും വലിയ അഗ്നിപരീക്ഷയ്ക്കൊരുങ്ങുകയാണ്. ടൂര്‍ണമെന്റില്‍ നിലനില്‍ക്കണമെങ്കില്‍ ജയിച്ചേ തീരുവെന്ന ചാലഞ്ചുമായാണ് വ്യാഴാഴ്ച ഇന്ത്യ അങ്കത്തട്ടിലെത്തുക. സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് രണ്ടിലെ നിര്‍ണായക മല്‍സരത്തില്‍ സിംബാബ്‌വെയുമായി സൂര്യകുമാര്‍ യാദവും കൊമ്പുകോര്‍ക്കും.
വിജയത്തില്‍ കുറഞ്ഞതൊന്നും ഈ മല്‍സരത്തില്‍ ഇന്ത്യ ലക്ഷ്യമിടുന്നില്ല. വലിയ മാര്‍ജിനില്‍ തന്നെ അതു നേടിയെടുക്കുകയും വേണം. കാരണം -3.800 എന്ന വളരെ മോശം നെറ്റ് റണ്‍റേറ്റാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. അതു മെച്ചപ്പെടുത്താന്‍ വന്‍ മാര്‍ജിനിലൊരു ജയം തന്നെ ടീമിന് ആവശ്യവുമാണ്.
സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ സൂപ്പര്‍ എട്ട് പോരില്‍ 76 റണ്‍സിന്റെ കനത്ത തോല്‍വിയേറ്റു വാങ്ങിയ ടീമില്‍ തീര്‍ച്ചയായും ചില അഴിച്ചു പണികള്‍ ആവശ്യമാണ്. സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നോക്കാം.
