മലയാളത്തിൽ, ഒരു വർഷം പോലും മുടങ്ങാതെ, തുടർച്ചയായി ഏറ്റവുമധികം വർഷങ്ങളിലെ റിലീസ് സിനിമകളിൽ അഭിനയ സാന്നിധ്യമായ ആർട്ടിസ്റ്റ് ആരാണ് എന്ന് ചോദിച്ചാൽ അതിനുള്ള ഒരേയൊരുത്തരം, ഇപ്പോൾ തിയേറ്ററുകളിലുള്ള ‘കളങ്കാവലി’ൽ അഭിനയിച്ചൊരു നടൻ്റെ പേരാണ്..
സിനിമാഭിനയം തുടങ്ങിയ വർഷം മുതൽ തുടർച്ചയായ അഞ്ചര പതിറ്റാണ്ടിലധികം കാലം എല്ലാ വർഷവും മലയാള സിനിമയിൽ അഭിനയ സാന്നിധ്യമായി സ്ക്രീനിലെത്തിയിട്ടുള്ളൊരു അഭിനേതാവുണ്ടോ എന്ന് ചോദിച്ചാൽ അതിനും ഒരേയൊരുത്തരം ആ നടൻ്റെ പേര് തന്നെ…
ഇങ്ങനെയുള്ള വിശേഷണങ്ങൾ കേൾക്കുമ്പോൾ സ്വാഭാവികമായും കരുതിയേക്കാം, അയാൾ മലയാള സിനിമയിൽ ഏതെങ്കിലുമൊരു കാലത്ത് നായക വേഷങ്ങളിൽ നിറഞ്ഞാടിയ ഒരാളായിരിക്കാം, നായകനൊപ്പം നിൽക്കുന്ന ക്യാരക്ടർ റോളുകളിൽ തകർത്തഭിനയിച്ച ആളായിരിക്കാം, വില്ലൻ വേഷങ്ങളിൽ വന്ന് പ്രേക്ഷകരിൽ ഭീതി വിതച്ച നടനായിരിക്കാം, ഹാസ്യ രംഗങ്ങളിൽ തന്റെ സമകാലികരെയൊക്കെ പിന്നിലാക്കി ഹാസ്യ സാമ്രാട്ടായി സിനിമയിൽ വിരാജിച്ചയാളായിരിക്കാം, എന്നൊക്കെ..പക്ഷേ ഈ കാറ്റഗറികളിലൊന്നും ടാഗ് ചെയ്യാൻ കഴിയാത്ത ഒരു നടൻ കഴിഞ്ഞ അഞ്ചര പതിറ്റാണ്ടിലധികമായി മലയാള സിനിമയോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.. 1969 ൽ തുടങ്ങി 2025 വരെ, മേൽപ്പറഞ്ഞ രണ്ടു വർഷങ്ങളടക്കം കൂട്ടിയാൽ, കഴിഞ്ഞ 57 വർഷങ്ങളിലും അയാൾ അഭിനയിച്ചിട്ടുള്ള സിനിമകൾ ഇവിടെ റിലീസായി..തീയേറ്ററുകൾ തുറന്നിരിക്കുന്ന കാലത്ത് അവിടെയും, പാൻഡമിക് കാലത്ത് ഒ ടി ടി യിലും..
1969 ൽ ഇറങ്ങിയ റസ്റ്റ് ഹൗസ് എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ രംഗത്ത് അതിലെ അഭിനേതാക്കളെ അവതരിപ്പിച്ചത് 'അഭിനേതാക്കൾ' എന്നതിന് പകരം 'റസ്റ്റ് ഹൗസിലെ താമസക്കാർ' എന്ന തലവാചകത്തോടെ സ്വൽപം വ്യത്യസ്തമായ രീതിയിലായിരുന്നു..
ആ 'താമസക്കാരി'ൽ ചില പുതുമുഖങ്ങളുമുണ്ടായിരുന്നു.. അതിലൊരാളുടെ പേര് അന്ന് സ്ക്രീനിൽ തെളിഞ്ഞത് ടി കെ മോഹൻ എന്നായിരുന്നു..
ആദ്യചിത്രത്തിനു ശേഷം തൊട്ടടുത്ത വർഷം രക്തപുഷ്പം എന്ന ചിത്രത്തിൽ നായിക വിജയശ്രീയുടെ സഹോദരനായി അഭിനയിച്ച മോഹൻ തുടർന്ന് ഏതാനും സിനിമകൾക്കു ശേഷം എഴുപതുകളുടെ ആദ്യപകുതിയിൽത്തന്നെ മലയാള ചലച്ചിത്രമേഖലയിൽ മറ്റൊരു പേരിൽ അറിയപ്പെട്ടു തുടങ്ങി..
റെസ്റ്റ് ഹൗസ് എന്ന സിനിമയിലുടെ മലയാള സിനിമയിലേക്കെത്തിയ ടി കെ മോഹൻദാസ് എന്ന മോഹനെ കുഞ്ചൻ എന്ന് പുനർനാമകരണം ചെയ്തത് തിക്കുറിശ്ശി സുകുമാരൻ നായരാണ്..
1969 ൽ റസ്റ്റ് ഹൗസിൽ തുടങ്ങിയ ആ കരിയർ ഇടയ്ക്കെവിടെയും ഒരു വർഷം പോലും റെസ്റ്റ് ചെയ്യാതെ, കോവിഡ് കാലത്തെ മണിയറയിലെ അശോകനും, അതിനുശേഷമുള്ള കുറുപ്പും, നാരദനും, പുഴുവും, മഹേഷും മാരുതിയും, ഡി എൻ എ യും എല്ലാം കടന്ന് ഇപ്പോൾ കളങ്കാവലിലെ റിട്ടയേഡ് ഫോറൻസിക് സർജൻ മാത്യൂസിൽ എത്തി നിൽക്കുന്നു.. കഴിഞ്ഞ 57 വർഷങ്ങളിലെ മലയാള സിനിമയിലെ ഇടമുറിയാത്ത നിത്യസാന്നിധ്യമായി..

