മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ

കാസർകോട്: കയ്യാർ കണ്ണങ്കാടിയിലെ മുഹമ്മദിന് ആശ്വസിക്കാം. മുഹമ്മദ് ഇന്ത്യൻ പൗരനല്ലെന്നും വോട്ടർപട്ടികയിൽനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി വോട്ടവകാശം സാധുവാക്കി. പരാതിക്കാരൻ ഹിയറിങ്ങിൽ ഹാജരായെങ്കിലും ആരോപണത്തിന് ബലം നൽകുന്ന രേഖാപരമായ തെളിവ് സമർപ്പിക്കാൻ സാധിച്ചില്ല. തെറ്റായ വിവരങ്ങൾ നൽകിയ പരാതിക്കാരനെതിരേ കേസെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർകൂടിയായ കളക്ടർ അറിയിച്ചു.

.ജെ.പി. ജില്ലാ സെക്രട്ടറി ലോകേഷ് നോണ്ടയാണ്, മുഹമ്മദ് (55) ഇന്ത്യൻ പൗരനല്ലെന്ന് കാണിച്ച് പരാതി നൽകിയത്. സ്ഥിരമായി താമസം മാറിയെന്ന കാരണം പറഞ്ഞ് പ്രദേശത്തെ മറ്റ് ആറുപേരുടെയും വോട്ട് തള്ളുന്നതിനായി ഫോറം ഏഴിൽ അപേക്ഷ നൽകിയിരുന്നു. ആ ഏഴുപേരും മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ ഗ്രാമപ്പഞ്ചായത്തിലെ 128-ാം നമ്പർ ബൂത്തിലെ വോട്ടർമാരുമാണ്. പൗരത്വം ചോദ്യം ചെയ്തതുൾപ്പെടെ വോട്ട്‌ തള്ളിക്കാൻ പരാതി ഉന്നയിച്ചത് ഏറെ ചർച്ചയായിരുന്നു.

തുടർന്നാണ് തിരഞ്ഞെടുപ്പ് വിഭാഗം സംഭവത്തിൽ വിശദപരിശോധന നടത്തിയത്. തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി പരാതി നൽകുന്നത് ജനപ്രാതിനിധ്യനിയമം 1950-ലെ സെക്ഷൻ 31 പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. ബന്ധപ്പെട്ട വ്യക്തിക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കും. വോട്ടർപട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനായി ഫോം ഏഴ് പ്രകാരം എതിർപ്പ് സമർപ്പിക്കുന്നത് നിയമപരമായ അവകാശമാണെങ്കിലും, ഉദ്ദേശ്യപൂർവം വ്യാജവിവരങ്ങൾ നൽകി ജനാധിപത്യപ്രക്രിയയെ തെറ്റിദ്ധരിപ്പിക്കുന്ന ശ്രമങ്ങൾ കടുത്ത നിയമനടപടികൾക്ക് വിധേയമാകുമെന്ന് അധികൃതർ അറിയിച്ചു.

അടിസ്ഥാനരഹിതമായ പരാതികൾ പൊതുജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനാൽ എല്ലാവരും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു.കേസിൽ തിങ്കളാഴ്ച നിയമനടപടികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top