മുഖ്യമന്ത്രി പറഞ്ഞിട്ടും വാട്ടർ അതോറിട്ടി കേട്ടില്ല

തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് കാരണം വാട്ടർ അതോറിട്ടിയുടെ കെടുകാര്യസ്ഥതയാണെന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു.ആറ്റുകാൽ ഉത്സവവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന അവലോകന യോഗത്തിൽ കുടിവെള്ളത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പറഞ്ഞിട്ടും വാട്ടർ അതോറിട്ടി കേട്ടില്ലെന്ന് മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 107 ടാങ്കറുകളിൽ ഇപ്പോൾ കുടിവെള്ളം എത്തിക്കുന്നുണ്ട്.ഇനി 60 ടാങ്കറുകളിൽ കൂടി വെള്ളമെത്തിക്കും. രണ്ട് ദിവസത്തിനകം ഇതും നടപ്പിലാക്കും.ഒരു വാർഡിൽ ഒരു ടാങ്കർ എന്ന കണക്കിലാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്.ആവശ്യമെങ്കിൽ കൂടുതൽ ടാങ്കറുകളിൽ വെള്ളമെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് മാത്രം 8 ടാങ്കറുകളിൽ വെള്ളമെത്തിക്കും.വാട്ടർ അതോറിട്ടി ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കാത്തത് സംബന്ധിച്ച് കോർപ്പറേഷൻ ബിൽ കുടിശ്ശിക വരുത്തിയെന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാൽ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും കൗൺസിലർമാരും കോർപറേഷൻ ജീവനക്കാരും സംയുക്തമായി നടത്തിയ ചർച്ചയിൽ ബിൽ കുടിശ്ശികയില്ലെന്നായിരുന്നു കോർപറേഷൻ ജീവനക്കാർ പറഞ്ഞത്. ഇത് വാട്ടർ അതോറിട്ടി സമ്മതിക്കുകയും ചെയ്തു.വാട്ടർ അതോറിട്ടിയിൽ നിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.പൈപ്പിലെ ലീക്ക് ആറ്റുകാൽ ഉത്സവത്തിന് മുമ്പേ ചെയ്തു തീർക്കേണ്ട പണികളായിരുന്നു. പൊങ്കാല ദിവസം വൈദ്യ സഹായത്തിന് സർക്കാർ ഡോകടർമാർ എത്തിയില്ലെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തുമെന്നും നിരവധി ഡോക്ടർമാർ എത്താമെന്ന് അറിയിച്ചെന്നും വി.വി.രാജേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top