മംഗളൂരു: മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ധാരാളമുള്ള മംഗളൂരുവിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം വേണമെന്ന ആവശ്യം ശക്തമാകുന്നു. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം (എംഐഎ) സജീവമായി പ്രവർത്തിക്കുന്നതിനിടെയാണ് പുതിയ വിമാനത്താവളമെന്ന ആവശ്യം ശക്തമാകുന്നത്. ഉഡുപ്പി ജില്ലയിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം എന്ന ആവശ്യമാണ് ഉയരുന്നത്.
ഉഡുപ്പി ജില്ലയുടെ വടക്കൻ ഭാഗങ്ങളായ കുന്ദാപൂർ, ബൈന്ദൂർ ഭാഗങ്ങളിലെ താമസക്കാരുടെ യാത്രാ സമയം കുറയ്ക്കാൻ വിമാനത്താവളം സഹായകരമാകും. ഈ ഭാഗങ്ങളിലുള്ളവർ നിലവിൽ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. വിമാനത്താവളം സാധ്യമാകുന്നതോടെ ഈ മേഖലയിലെ യാത്ര സുഗമാമാകുകയും ടൂറിസം, വ്യാപാരം, വ്യാവസായിക വളർച്ച എന്നിവയെ ശക്തിപ്പെടുത്താനുമാകും. ഇതുവഴി തീരദേശ മേഖലയ്ക്ക് വേഗത്തിലുള്ള സാമ്പത്തിക വികസനം സാധ്യമാകും.
കർണാടക സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണെങ്കിൽ ഉഡാൻ പദ്ധതിക്ക് കീഴിൽ പദ്ധതി പരിഗണിക്കാൻ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം സന്നദ്ധത പ്രകടിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നിലവിലുള്ള മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കുക എന്നതാണ് നിർദിഷ്ട പദ്ധതി ലക്ഷ്യമിടുന്നത്. ഏകദേശം 35 – 40 കിലോമീറ്റർ അകലെയാണ് ഇത്.
തീരദേശ കർണാടകയിലെ പ്രാദേശിക കണക്റ്റിവിറ്റി ശക്തമാക്കുന്നതിനായി സിവിൽ ഏവിയേഷൻ മന്ത്രി കെ റാംമോഹൻ നായിഡു ഉഡുപ്പി – ചിക്കമഗളൂരു എംപി കോട്ട ശ്രീനിവാസ് പൂജാരിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ആവശ്യം. 2025 ഒക്ടോബറിൽ ഉഡുപ്പി ജില്ലയിലെ കൗപ് താലൂക്കിലെ നന്ദിക്കൂറിൽ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കാൻ എംപി പൂജാരി മന്ത്രിക്ക് കത്ത് നൽകിയിരുന്നു. 2025 നവംബറിൽ വിമാനത്താവളത്തിനായുള്ള ശ്രമം ശക്തമാകുകയും പടുബിദ്രിക്ക് സമീപമുള്ള എർമലു, സന്തൂർ ഗ്രാമങ്ങൾക്ക് സമീപം വ്യാവസായിക ആവശ്യങ്ങൾക്കായി ഏറ്റെടുത്ത 941 ഏക്കർ ഭൂമി ഉഡുപ്പി ജില്ലാ ഭരണകൂടം കണ്ടെത്തുകയും ചെയ്തു.
അതേസമയം, മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം സജീവമായി രംഗത്തുള്ളപ്പോൾ പുതിയ വിമാനത്താവളം വേണമെന്ന ആവശ്യത്തെ പലരും ചോദ്യം ചെയ്തു. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ശേഷി വർധിപ്പിക്കാനുള്ള സ്ഥലവും സൗകര്യവും നിലവിലുണ്ട്. പ്രതിദിനം ഏകദേശം 50 വിമാനങ്ങളെ കൈകാര്യം ചെയ്യുകയും ഏകദേശം 6,000 യാത്രക്കാർ ദിവസവും വിമാനത്താവളം വഴി കടന്നുപോകുകയും ചെയ്യുന്നുണ്ട്. മുൻ വർഷങ്ങളിൽ ജെറ്റ് എയർവേയ്‌സ് പ്രവർത്തിച്ചിരുന്നപ്പോൾ ദിവസം 80ലധികം വിമാനങ്ങളെ വിമാനത്താവളം കൈമാര്യം ചെയ്തിരുന്നുവെന്ന് വ്യോമയാന നിരീക്ഷകർ ഉൾപ്പെടെയുള്ളവർ പറഞ്ഞു. എംഐഎ 2035 ആകുമ്പോഴേക്കും പ്രതിവർഷം 6 ദശലക്ഷം യാത്രക്കാരെയും 2070 ആകുമ്പോഴേക്കും 18 ദശലക്ഷമായി ഉയർത്താനും ലക്ഷ്യമിടുന്നുണ്ട്.
