തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനെ തുടർന്ന്, നേമം – വട്ടവിള സുരേഷ് റോഡിന്റെ ഭാഗത്ത് ടാർ റോഡ് നിർമ്മിക്കുമെന്ന് ഉറപ്പുനൽകി ദക്ഷിണ റെയിൽവേ.
റെയിൽവേ വികസനത്തിനായി വട്ടവിള സുരേഷ് റോഡിലെ താമസക്കാർക്ക് നഷ്ടപ്പെട്ട പൊതുറോഡിന് പകരമായി ടാർ റോഡ് വേണമെന്ന,നേമം ആക്ഷൻ കൗൺസിലിന്റെ ആവശ്യം റെയിൽവേ അധികൃതർ ആദ്യം നിരസിച്ചിരുന്നു. എന്നാൽ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനെത്തുടർന്ന് അവർ നിലപാട് മാറ്റുകയായിരുന്നു. രണ്ട് മാസം മുൻപ് രാജീവ് ചന്ദ്രശേഖർ വട്ടവിള സന്ദർശിച്ച് പകരം റോഡിനായി ഇടപെടൽ നടത്തുമെന്ന് ഉറപ്പുനൽകിയിരുന്നു.
നേമം റെയിൽവേ സ്റ്റേഷന് സമീപം പാത ഇരട്ടിപ്പിക്കലിനായി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് റെയിൽവേയ്ക്ക് കൈമാറിയ ഭൂമിയിൽ,ടാർ റോഡ് നിർമ്മിച്ച് ഭാവിയിലെ അറ്റകുറ്റപ്പണികൾക്കായി തിരുവനന്തപുരം കോർപ്പറേഷന് കൈമാറാൻ തയ്യാറാണെന്ന് റെയിൽവേ പ്രതിനിധി ജില്ലാ ഭരണകൂടത്തെ അറിയിച്ചു.1.15 കോടിയിലധികം രൂപ മുൻകൂറായി വാങ്ങി വട്ടവിള സുരേഷ് റോഡിന്റെ ഒരു ഭാഗം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് റെയിൽവേയ്ക്ക് കൈമാറിയത് വലിയ ജനകീയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
