പി കെ ശശിയുടെ രാജി കരുതലോടെ ഇരുപക്ഷവും

പാലക്കാട്: കെ.ടി.ഡി.സി. ചെയർമാൻ സ്ഥാനത്തുനിന്ന് പി.കെ. ശശിയുടെ രാജി അപ്രതീക്ഷിതമായിരുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പുമുതൽ അന്തരീക്ഷത്തിലുണ്ടായിരുന്ന രാജിക്കാര്യം വ്യാഴാഴ്ച ഉച്ചയ്ക്ക് ശശി പറഞ്ഞപ്പോഴും സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും പ്രതികരണങ്ങൾ കരുതലോടെയായിരുന്നു.

ശശി കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നതിനപ്പുറമുള്ള പ്രതികരണങ്ങൾക്ക് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് മുതിർന്നില്ല. ശശി ഇപ്പോഴും പാർട്ടി അംഗമാണെന്നും പാർട്ടിവിടാൻ സാധ്യതയില്ലെന്നുമായിരുന്നു സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബുവിന്റെ പ്രതികരണം. പി.കെ. ശശി സ്വയം പുറത്തുപോവുന്നെങ്കിൽ പോവട്ടെയെന്നും രക്തസാക്ഷി പരിവേഷം നൽകേണ്ടതില്ലെന്നുമുള്ള നിലപാടാണ് ജില്ലാ നേതൃത്വത്തിനെന്നാണ് സൂചന.

അഭ്യൂഹങ്ങളെല്ലാം നിഷേധിച്ച പി.കെ. ശശി വ്യക്തിപരമായ കാരണങ്ങളാൽ മാത്രമാണ് രാജിയെന്ന് ആവർത്തിച്ച് വ്യക്തമാക്കാനാണ് ശ്രമിച്ചത്. വി.കെ. ശ്രീകണ്ഠൻ എം.പി. ഉൾപ്പെടെയുള്ള യു.ഡി.എഫ്. നേതാക്കളോട് വ്യക്തിബന്ധം മാത്രമാണെന്നും രാഷ്ട്രീയ ചർച്ചകളുണ്ടായില്ലെന്നുമൊക്കെ അദ്ദേഹം പറഞ്ഞെങ്കിലും സാധാരണ പ്രവർത്തകരാരും അത് വിശ്വസിച്ചിട്ടില്ല. ഇതെച്ചൊല്ലി സാമൂഹികമാധ്യമങ്ങളിൽ ചർച്ചകളും ട്രോളുകളും നിറയുന്നുണ്ട്. വിമതപാർട്ടി ഉണ്ടാക്കും, ഒറ്റപ്പാലത്ത് സ്വതന്ത്രനായി മത്സരിക്കും, രാജി ഒരു വിലപേശൽ തന്ത്രമാകാനാണ് സാധ്യത തുടങ്ങിയ അഭിപ്രായങ്ങളും നിരവധി.

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലുള്ള വടക്കൻമേഖലാ ജാഥയിലേക്ക് പി.കെ. ശശിയെ ജില്ലാനേതൃത്വം ക്ഷണിച്ചിരുന്നെങ്കിലും അസുഖംമൂലം പങ്കെടുക്കാനായില്ലെന്ന നിലപാടാണ് ശശി സ്വീകരിച്ചത്. ശശിയുമായി ചില പ്രശ്‌നങ്ങളുണ്ടെന്ന് എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞെങ്കിലും കൂടുതലൊന്നും വ്യക്തമാക്കിയില്ല. ശശി യു.ഡി.എഫിന്റെ പുതുയുഗയാത്രയിലെത്തുമെന്ന അഭ്യൂഹവും ഫലിച്ചില്ല. ശശിയുമായി ചർച്ച നടന്നോ എന്നതിന് വി.ഡി. സതീശനും വ്യക്തമായ മറുപടിനൽകിയിരുന്നില്ല. പാർട്ടിയിലെ വിഭാഗീയതയുടെ കാലത്ത് പാലക്കാട്ട് ശക്തരായിരുന്ന വി.എസ്. പക്ഷത്തെ തകർക്കാൻ ഔദ്യോഗിക വിഭാഗത്തിന്റെ കരുത്തായിരുന്നു പി.കെ. ശശി. ഈ കരുത്തറിഞ്ഞവർ അക്കാലത്ത് നിശ്ശബ്ദരായി.

സസ്‌പെൻഷൻകാലത്തിനുശേഷം ജില്ലാ സെക്രട്ടേറിയറ്റിലേക്ക് ശശി തിരിച്ചെത്തിയിരുന്നു. നിലവിലെ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു തന്റെയാളാണെന്നുവരെ ഒരുഘട്ടത്തിൽ ശശി വിശേഷിപ്പിച്ചെങ്കിലും പിന്നീട് ആ ബന്ധത്തിൽ വിള്ളൽവീണു.

തദ്ദേശതിരഞ്ഞെടുപ്പുകാലത്ത് മണ്ണാർക്കാട്ട് സി.പി.എം. വിമതർ മത്സരരംഗത്ത് എത്തിയതിന് തുടർച്ചയായാണ് പി.കെ. ശശിയെ യു.ഡി.എഫ്. പാളയത്തിലെത്തിക്കാനുള്ള ശ്രമം നടന്നത്. മാർച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട്ടെത്തുന്നുണ്ട്. മാർച്ച് ആദ്യവാരം സി.പി.എമ്മിലെ അസംതൃപ്തർ യോഗം ചേർന്നേക്കുമെന്ന സൂചനയുമുണ്ട്. പി.കെ. ശശി യു.ഡി.എഫുമായി സഹകരിക്കുന്നത് ഗുണകരമാവുമെന്ന പ്രതീക്ഷ ഒരുവിഭാഗം മുന്നോട്ടുവെയ്ക്കുമ്പോൾ അദ്ദേഹത്തിനെതിരേ യു.ഡി.എഫ്. നടത്തിയ സമരങ്ങളെക്കുറിച്ചുൾപ്പെടെ വിശദീകരിക്കേണ്ടിവരുമെന്ന ആശങ്ക മറുവിഭാഗത്തിനുണ്ട്.

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top