വായ്പ തിരിച്ച് പിടിക്കുന്ന നടപടികളിൽ കർശന നിയന്ത്രണങ്ങളുമായി റിസർവ് ബാങ്ക്. റിക്കവറി ഏജന്റുമാരുടെ ഇടപെടലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, വായ്പ തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് ബാങ്കുകൾ വ്യക്തമായ നയമുണ്ടാക്കുക, വായ്പക്കാരെ ഫോണിലൂടെയോ നേരിട്ടോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് തടയുക എന്നിവയാണ് ലക്ഷ്യം.
വായ്പ തിരിച്ചുപിടിക്കാൻ ഏർപ്പെടുത്തിയിട്ടുള്ളവരുടെ പട്ടിക ബാങ്ക് ശാഖകളിലും വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. റിക്കവറി ഏജന്റിനെ ചുമതലപ്പെടുത്തുന്നതിന് മുമ്പ് ഇക്കാര്യം വായ്പക്കാരനെ അറിയിച്ചിരിക്കണം. വായ്പക്കാരൻ നൽകിയ പരാതി തീർപ്പാക്കുന്നതുവരെ ഏജന്റിനെ ചുമതലപ്പെടുരുത്. വായ്പക്കാരുമായി നടത്തുന്ന എല്ലാ സംഭാഷണങ്ങളും റെക്കോഡ് ചെയ്യണം. മൊബൈലിൽ വിളിക്കുന്ന സമയവും നമ്പറും കൃത്യമായി രേഖപ്പെടുത്തണം, സംഭാഷണം റെക്കോഡ് ചെയ്യുന്നുണ്ടെന്ന് വായ്പക്കാരെ മുൻകൂട്ടി അറിയിക്കുകയും ചെയ്യണമെന്ന് പുതുക്കിയ വ്യവസ്ഥകളിൽ പറയുന്നു.
