കാസർകോട്: സംസ്ഥാനത്ത് 184.83 കിലോമീറ്ററിൽ ദേശീയപാത 66 ആറുവരിയാക്കുന്ന പണി പൂർത്തിയായി. 538.76 കിലോമീറ്റർ ഭാഗത്തെ പണി പുരോഗമിക്കുകയാണ്. ഈ ഭാഗത്തെ ശരാശരി നിർമാണപുരോഗതി 72.50 ശതമാനമാണ്. ഇതിൽ 29.83 കിലോമീറ്റർ വരുന്ന കടമ്പാട്ടുകോണം-കഴക്കൂട്ടം ഭാഗമാണ് ഏറ്റവും പിന്നിൽ. ഇവിടെ 45.25 ശതമാനം പണിയേ പൂർത്തിയായിട്ടുള്ളൂ.
കാസർകോട്, കണ്ണൂർ ജില്ലകളിൽ പണി പൂർത്തിയാകാനുള്ള ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ്, തളിപ്പറമ്പ്-മുഴപ്പിലങ്ങാട് റീച്ചിൽ നിർമാണപുരോഗതി 80 ശതമാനത്തിനുമുകളിലാണ്. കാപ്പിരിക്കാട്-തളിക്കുളം, തളിക്കുളം-കൊടുങ്ങല്ലൂർ, അരൂർ-തുറവൂർ തെക്ക്, കടമ്പാട്ടുകോണത്തേക്കുള്ള കൊല്ലം ബൈപ്പാസ് എന്നിവിടങ്ങളിലും നിർമാണ പുരോഗതി 80 ശതമാനം കടന്നു.
തലശ്ശേരി-മാഹി ബൈപ്പാസ് നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്തെങ്കിലും ഈസ്റ്റ് പള്ളൂർ ജങ്ഷനിൽ അടിപ്പാതയുടെയും ചില ഭാഗങ്ങളിൽ സർവീസ് റോഡിന്റെയും പണി ബാക്കിയാണ്. ഇവയുടെ നിർമാണപുരോഗതി 28.31 ശതമാനമാണ്. ബൈപ്പാസിലെ ഏക സിഗ്‌നൽ ജങ്ഷനായിരുന്നു ഈസ്റ്റ് പള്ളൂർ. ചൊക്ലി-പെരിങ്ങാടി റോഡ് ബൈപ്പാസ് മുറിച്ചുകടക്കുന്ന ഭാഗമാണിത്.
ഇവിടെ സിഗ്‌നൽ സ്ഥാപിച്ചതിനെത്തുടർന്ന് അപകടങ്ങൾ കൂടിയ സാഹചര്യത്തിലാണ് ഇത് ഒഴിവാക്കി അടിപ്പാത നിർമിക്കാൻ തീരുമാനിച്ചത്. സിഗ്‌നൽ പോസ്റ്റ് നിൽക്കുന്ന ഭാഗത്ത് ബൈപ്പാസ് ഉയർത്തി അടിപ്പാത നിർമിക്കുകയാണ് ചെയ്യുന്നത്.
തിരുവനന്തപുരം ബൈപ്പാസിൽ നാലിടത്തെ അപകടമേഖല (ബ്ലാക്ക് സ്‌പോട്ട്) ഒഴിവാക്കുന്ന പണിയും മെല്ലെപ്പോക്കിലാണ്. ഇതുവരെ 25.42 ശതമാനമാണ് പൂർത്തിയായത്.
