തിരുവനന്തപുരം: തൈക്കാട് ഗവ.മോഡൽ എച്ച്.എസ് എൽ.പി സ്‌കൂളിൽ വിദ്യാർത്ഥികളുടെ കൃഷിയിടത്തിലെ വിളവെടുപ്പ് ഉത്സവം നടന്നു.ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.എൻ.ബാലഗോപാലിനെ കുട്ടികൾ വരവേറ്റത് പച്ചക്കറി ബൊക്കെ നൽകിയാണ്.
പാഠപുസ്തകത്തിനപ്പുറം കൃഷിയറിഞ്ഞും അനുഭവിച്ചും പഠിക്കാൻ കുട്ടികൾക്ക് വഴിയൊരുക്കുന്ന മാതൃകയാണ് സ്‌കൂളിൽ നടപ്പാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. രാസവസ്തുക്കളും മറ്റും കലർന്ന പച്ചക്കറിക്കു പകരം, സ്വന്തമായി കൃഷി നടത്തി സ്വയംപര്യാപ്തതയുടെ മാതൃകയാവുകയാണ് കുട്ടികളെന്നും അദ്ദേഹം പറഞ്ഞു.
പിരപ്പമൺകാട് പാടശേഖരത്തിൽ കൃഷിയിറക്കി വിളവെടുത്ത അരിയും ചടങ്ങിൽ മന്ത്രിക്ക് കൈമാറി.വാർഡ് കൗൺസിലർ ജി.വേണുഗോപാൽ,എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർ രാജേഷ് വള്ളിക്കോട്,സ്‌കൂൾ പ്രഥമാദ്ധ്യാപിക വി.കെ.ബിന്ദു,പി.ടി.എ പ്രസിഡന്റ് വി.എസ്.ശ്യാമ,എസ്.എം.സി ചെയർമാൻ ഷമീർ ഹുസൈൻ,ജി.എസ്.സുനിത,സന്തോഷ്ലാൽ തുടങ്ങിയവർ പങ്കെടുത്തു.
