മലപ്പുറം: ജില്ലയിലെ ജനസംഖ്യക്ക് ആനുപാതികമായി കൂടുതൽ പോലീസ് സ്റ്റേഷനുകൾ ആവശ്യമുണ്ടെന്ന് സ്ഥാനമൊഴിയുന്ന ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്. മലപ്പുറം പ്രസ്സ് ക്ലബ്ബ് നൽകിയ യാത്രയയപ്പു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി ചുമതലയേറ്റ പോലീസ് ചീഫ് ചൈത്ര തെരേസ ജോണിന് സ്വീകരണവും നൽകി.
പോലീസ് സ്റ്റേഷൻ പോലെതന്നെ കൂടുതൽ പോലീസുകാരെയും ആവശ്യമുണ്ടെന്ന് ആർ. വിശ്വനാഥ് പറഞ്ഞു. ഇതിനായി സർക്കാരിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. സർക്കാരിനും അനുകൂലമായ നിലപാടാണ്. മികച്ച അന്വേഷണ ഉദ്യോഗസ്ഥരുള്ള ജില്ലയാണ് മലപ്പുറമെന്നും അദ്ദേഹം പറഞ്ഞു.
ചുമതലയേൽക്കുമ്പോൾ സേനയിലുണ്ടായിരുന്ന ചില മുറിവുകൾ വലിയൊരു ശതമാനവും ഉണക്കാൻ കഴിഞ്ഞതായി എസ്.പി. പറഞ്ഞു. രാഷ്ട്രീയക്കാരും മാധ്യമങ്ങളുമെല്ലാം മികച്ച സഹകരണമാണ് നൽകിയത്. ജില്ലയിലെ ഏറ്റവും ഗൗരവകരമായ വിഷയമായി തോന്നിയത് മയക്കുമരുന്ന് ഭീഷണിയാണ്. സൈബർ കുറ്റകൃത്യങ്ങളെക്കാൾ ഗുരുതരമാണിതെന്നും ആർ. വിശ്വനാഥ് പറഞ്ഞു.
നിലവിലുള്ള മികച്ച സംവിധാനങ്ങളെല്ലാം നിലനിർത്താനാണ് താത്പര്യമെന്ന് ചുമതലയേറ്റ പോലീസ് ചീഫ് ചൈത്ര തെരേസ ജോൺ പറഞ്ഞു. നേരത്തേ അരീക്കോട് മൂന്നുവർഷത്തോളം നക്സൽ വിരുദ്ധസേനയുടെ ചുമതല വഹിച്ചിട്ടുണ്ട്. ജില്ലയെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. പ്രസ്സ് ക്ലബ് പ്രസിഡന്റ് എസ്. മഹേഷ് കുമാർ അധ്യക്ഷനായി. സെക്രട്ടറി വി.പി. നിസാർ, ട്രഷറർ അബ്ദുൾ ഹയ്യ്, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.ബി. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഗീതു തമ്പി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി. പ്രജോഷ് കുമാർ, സമീർ കല്ലായി എന്നിവർ ഇരുവർക്കും ഉപഹാരങ്ങൾ നൽകി.
