കണ്ണമ്പ്ര : കൊട്ടേക്കാടിനു സമീപം ചേറുംകോട്ടിൽ കനാലിന്റെ അരികിലുള്ള മരങ്ങൾ മുറിച്ചുനീക്കി മണ്ണിട്ട് നികത്തുന്നു. ജലസേചനവകുപ്പിന്റെ സ്ഥലത്തെ മരങ്ങൾ മുറിച്ചതായും ഇതോടു ചേർന്നുള്ള നിലം അനധികൃതമായി നികത്തുന്നതായും ചൂണ്ടിക്കാട്ടി കണ്ണമ്പ്ര ഗ്രാമപ്പഞ്ചായത്തംഗം കെ.ആർ. ഷൺമുഖൻ വില്ലേജ്, കൃഷി, ജലസേചന വകുപ്പധികൃതർക്ക് പരാതി നൽകി. ചാലുൾപ്പെടെ നികത്തിയതിനാൽ മഴക്കാലത്ത് ഒഴുക്ക് തടസ്സപ്പെടുമെന്നും പ്രദേശത്തെ വീടുകളിൽ വെള്ളം കയറുമെന്നും കെ.ആർ. ഷണ്മുഖൻ പറഞ്ഞു.
കണ്ണമ്പ്ര വില്ലേജ് അധികൃതർ പ്രാഥമികപരിശോധന നടത്തി. മണ്ണിട്ട് നികത്തുന്ന ഭൂമിയുടെ സ്വഭാവവും ജലസേചനവകുപ്പിന്റെ സ്ഥലം കൈയേറിയിട്ടുണ്ടോയെന്നതും വിശദമായി പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കണ്ണമ്പ്ര-ഒന്ന് വില്ലേജ് അധികൃതർ പറഞ്ഞു. അതുവരെ ജോലികൾ നിർത്തിവെയ്ക്കാൻ സ്ഥലം ഉടമയ്ക്ക് നിർദേശം നൽകി.
