നഗരത്തിലെ വീടുകളിലേക്ക് വിതരണം ചെയ്യാനായി തിരുവനന്തപുരം കോർപ്പറേഷൻ എത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ ഡ്രയിനേജ് ടാങ്കുകൾ നശിക്കുന്നു. ജഗതി മൈതാനത്തിലാണ് നൂറിലേറെ ടാങ്കുകൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്. ടാങ്കുകള്‍ ഒരുമാസത്തിനുള്ളില്‍ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം ഒരു വര്‍ഷം കഴിഞ്ഞിട്ടും യാഥാര്‍ഥ്യമായില്ല.
കഴിഞ്ഞ കോർപ്പറേഷൻ ഭരണകാലത്താണ് വിതരണത്തിനായി ഡ്രയിനേജ് ടാങ്കുകൾ എത്തിച്ചത്. ഡ്രയിനേജ് പ്രശ്നമുള്ള കോർപ്പറേഷൻ പരിധിയിലുള്ള വീടുകളിൽ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. ഒരു വർഷത്തിലേറെയായി ടാങ്കുകൾ ജഗതി മൈതാനത്ത് ഇങ്ങനെ വെയിലേറ്റ് നശിക്കുകയാണ്.
നിരവധിയാളുകൾ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഭൂരിഭാഗം അപേക്ഷകർക്കും ടാങ്ക് ലഭിച്ചിട്ടില്ല. രണ്ടുഘട്ടമായിട്ടാണ് ടാങ്കുകൾ മൈതാനത്ത് എത്തിച്ചതെന്ന് നാട്ടുകാർ പറയുന്നു. ആദ്യം കൊണ്ടുവന്ന ഡ്രയിനേജ് ടാങ്കുകൾക്ക് മുകളിലായി വള്ളിച്ചെടികൾ പടർന്ന് കാടുകയറിക്കിടക്കുകയാണ്. കനത്ത ചൂടില്‍ ചിലത് പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ചില വാർഡുകളിൽ വിതരണം ചെയ്തങ്കിലും എത്രപേർക്ക് വിതരണം ചെയ്തു എന്നതിൽ വ്യക്തതയില്ല. ഏത് ലക്ഷ്യം മുൻനിർത്തിയാണോ ടാങ്കുകൾ എത്തിച്ചത് അതിൻ്റെ നാലിലൊന്ന് പോലും വിതരണം ചെയ്യാൻ സാധിച്ചില്ലെന്നതാണ് ആക്ഷേപം. ഇടപാടില്‍ ലക്ഷക്കണക്കിന് രൂപയുടെ കള്ളക്കളി നടന്നിട്ടുണ്ടെന്നായിരുന്നു ബി ജെ പിയുടെ ആരോപണം. എല്‍ ഡി എഫ് ഭരണസമിതി മാറി ബി ജെ പി ഭരണം പിടിച്ച സാഹചര്യത്തില്‍ ഇക്കാര്യം പരിശോധിക്കുമെന്നാണ് വിവരം.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

