തിരുവനന്തപുരം : ശബരിമലയിൽ 2017ൽ കൊടിമരം പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട പ്രാഥമികാന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശപ്രകാരം വിജിലൻസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിറക്കി. ദക്ഷിണമേഖലാ വിജിലൻസ് എസ്.പി മഹേഷിനാണ് മേൽനോട്ടച്ചുമതല.
തിരുവനന്തപുരം യൂണിറ്റ് ഒന്നിലെ ഡിവൈ.എസ്.പി സി.എസ്.ഹരിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ദക്ഷിണമേഖല റേഞ്ച് സി.ഐ അജി ജി.നാഥ്,പത്തനംതിട്ട വിജിലൻസ് യൂണിറ്റിലെ സി.ഐ ആർ.രാജേഷ് കുമാർ,തിരുവനന്തപുരം പ്രത്യേക അന്വേഷണ സംഘത്തിലെ സി.ഐ സജി ശങ്കർ എന്നിവരും സംഘത്തിലുണ്ട്. 30 ദിവസത്തിനകം പ്രാഥമികാന്വേഷണം പൂർത്തിയാക്കണം. ഇന്നുമുതൽ അന്വേഷണം തുടങ്ങും.
