തിരുവനന്തപുരം : തലസ്ഥാനത്ത് ചികിത്സാപിഴവിനെ തുടര്‍ന്ന് രണ്ടരവയസുകാരി മരിച്ചതായി ആരോപണം. ചക്കപ്പാറ സ്വദേശി സിദ്ദിഖിന്റെ മകള്‍ ഐഷാ ഫാത്തിമയാണ് മരിച്ചത്. കാട്ടാക്കടയിലെ മമല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതിനെ തുടര്‍ന്നാണ് കുഞ്ഞിന് ജീവന്‍ നഷ്ടപ്പെട്ടതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ കാട്ടാക്കട പോലീസില്‍ കുടുംബം പരാതി നല്‍കി.
ശ്വാസംമുട്ടലും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഐഷയെ കാട്ടാക്കട മമല്‍ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ വെച്ച് ശ്വാസതടസത്തിന് കുഞ്ഞിനെ ആവിപിടിപ്പിച്ചതിന് ശേഷം രണ്ട് ഇഞ്ചക്ഷനുകളെടുത്തു. ഇതിന് പിന്നാലെ കുഞ്ഞിനെ ആരോഗ്യനില വഷളാകുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ഉടന്‍ തന്നെ നെയ്യാര്‍ മെഡിസിറ്റി ആശുപത്രിയില്‍ ഐഷയെ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. അതേസമയം, കുഞ്ഞിന്റെ ബന്ധുക്കളെ ആംബുലന്‍സില്‍ കയറാന്‍ ആശുപത്രി ജീവനക്കാര്‍ സമ്മതിച്ചില്ലെന്നും ആരോപണവും ഉയരുന്നുണ്ട്. മൃതദേഹം നിലവില്‍ നെയ്യാര്‍ മെഡിസിറ്റിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തും.
