തിരുവനന്തപുരം : ആശാ സമരത്തിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തി.2025 ഫെബ്രുവരി 10ന് ആരംഭിച്ച് 266 ദിവസം നീണ്ടുനിന്ന രാപകൽ സമരത്തിന്റെ വാർഷികത്തോടനുബന്ധിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ (കെ.എ.എച്ച്.ഡബ്ല്യു.എ) നേതൃത്വത്തിലായിരുന്നു പരിപാടി.പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് ആശാപ്രവർത്തകർ പങ്കെടുത്തു. കെ.എ.എച്ച്.ഡബ്ല്യു.എ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
സമരത്തിന്റെ വാർഷികത്തോടനുബന്ധിച്ച് പ്രതിമാസ ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കുക,ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം അനുവദിക്കുക,പെൻഷൻ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി.
സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനി,പ്രൊഫ.എം.പി.മത്തായി,ജോസഫ്.സി.മാത്യു,മുൻ മന്ത്രി വി.എസ്.ശിവകുമാർ,ഒ.വി.ഉഷ,ഡോ.ഡി.സുരേന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്തു.
