തിരുവനന്തപുരം : സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍ ഷെറിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിന്‍ നാലുപേര്‍ക്കാണ് പുതുജീവനേകിയത്.
ആലിന്‍ ഷെറിന്റെ വൃക്കകള്‍ പത്തുവയസുള്ള കുട്ടിക്ക് ആണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ആറുമാസം പ്രായമുള്ള കുഞ്ഞിലാണ് ആലിന്റെ കരള്‍ തുടിക്കുക. കിംസിലാണ് കുഞ്ഞിന്റെ കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ. ഹൃദയവാല്‍വ് ശ്രീചിത്രാ ആശുപത്രിയ്ക്കും നേത്രപടലങ്ങള്‍ കൊച്ചി അമൃതാ ആശുപത്രിയ്ക്കും കൈമാറി. ആലിന്‍ ഷെറിന്റെ സംസ്‌കാരം നാളെ മല്ലപ്പള്ളിയില്‍ നടക്കും.
പൊലീസും ജനങ്ങളും നന്നായി സഹായിച്ചതു കൊണ്ട്് കുറഞ്ഞ സമയത്തിനുള്ളില്‍ ആലിന്‍ ഷെറിന്റെ അവയവങ്ങളുമായി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്താനായതായി ആംബുലന്‍സിന്റെ ഡ്രൈവറായ മാള സ്വദേശി ജയ്‌നീഷ് പറഞ്ഞു. യാത്രാമധ്യേ തടസ്സങ്ങളൊന്നുമില്ലാതെ ഇവിടെ എത്താനായതിന് ജയ്‌നീഷ് ഈശ്വരന് നന്ദി പറഞ്ഞു.
കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്ന് ഇന്നലെ 7.13 ന് ആണ് ആംബുലന്‍സ് പുറപ്പെട്ടത്. കോട്ടയം വഴി എംസി റോഡിലൂടെയായിരുന്നു യാത്ര. ആംബുലന്‍സ് മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ടാണ് തിരുവനന്തപുരത്ത് എത്തിയത്.വഴിയില്‍ പൊലീസ് വഴിയൊരുക്കി. മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചതോടെ ജനങ്ങള്‍ സഹകരിച്ചു. ആദ്യം കിംസിലും പിന്നീട് മെഡിക്കല്‍ കോളജിലും പിന്നീട് ശ്രീചിത്രയിലും അവയവങ്ങള്‍ എത്തിച്ചു. അവസാനലക്ഷ്യസ്ഥാനമായ ശ്രീചിത്രയില്‍ എത്തിയപ്പോള്‍ യാത്ര കൃത്യം 3 മണിക്കൂര്‍ 27 മിനിറ്റാണു പിന്നിട്ടത്. 213 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സാധാരണ ഗതിയില്‍ അഞ്ചര മണിക്കൂറെങ്കിലും എടുക്കും. ഇടയ്ക്കെല്ലാം ഇത്തരം ദൗത്യങ്ങള്‍ ഏറ്റെടുക്കേണ്ടി വരാറുണ്ടെന്ന് ജയ്‌നീഷ് പറഞ്ഞു.
ആലിന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലുള്ള 6 മാസം പ്രായമുള്ള കുഞ്ഞിനാണ് നല്‍കിയത്. സംസ്ഥാനത്തു കരള്‍ സ്വീകരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളാകും ഈ കുഞ്ഞ്. ഇരുവൃക്കകളും മെഡിക്കല്‍ കോളജിലെ 10 വയസ്സുള്ള കുട്ടിക്ക് നല്‍കും. കുഞ്ഞുങ്ങളുടെ വൃക്കയ്ക്കു വലുപ്പം കുറവായതിനാലാണ് ഇരുവൃക്കകളും ഒരാളിനു തന്നെ നല്‍കുന്നത്. നേത്രപടലങ്ങള്‍ അമൃത ആശുപത്രിയിലെ നേത്ര ബാങ്കിനും ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനും കൈമാറി.
