ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നഗരം ഒരുങ്ങി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനെ വരവേൽക്കാൻ അനന്തപുരി ഒരുങ്ങി.23നാണ് ഉത്സവം ആരംഭിക്കുന്നത്.പൗരസമിതികൾ,റസിഡന്റ്സ് അസോസിയേഷനുകൾ,തൊഴിലാളി സംഘടനകൾ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ പൊങ്കാലയാഘോഷത്തെ വരവേൽക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

മണക്കാട്,ഐരാണിമുട്ടം,കിഴക്കേകോട്ട,പുളിമൂട്,അമ്പലത്തുമുക്ക്,വഞ്ചിയൂർ… തുടങ്ങിയ ഇടങ്ങളിലെല്ലാം വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പൊങ്കാല മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്.പൊങ്കാലത്തലേന്ന് വിവിധ കലാപരിപാടികൾ,പൊങ്കാല ദിവസം അന്നദാനം,പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്തർക്ക് സൗകര്യങ്ങൾ ഏർപ്പാടാക്കൽ തുടങ്ങിയവയാണ് ഇവർ ഒരുക്കുന്നത്. ചില സ്ഥലങ്ങളിൽ മെഡിക്കൽ സർവീസും സംഘടനകളുടെ നേതൃത്വത്തിൽ ഒരുക്കും.

പൊങ്കാലയ്ക്കുള്ള മൺകലങ്ങളും ഇത്തവണ നേരത്തെയെത്തി.കിഴക്കേകോട്ട മുതൽ മണക്കാട് വരെ റോ‌ഡുവക്കിൽ മൺകലങ്ങളുടെ ശേഖരം നിരന്നു. ചെറുതും വലുതുമായ കലങ്ങൾ,അടുപ്പ്,ചിരട്ടത്തവി,ഇടിഞ്ഞിൽ,മൺഭരണികൾ എന്നിവയും മൺകലങ്ങൾക്കൊപ്പമുണ്ട്.പൊങ്കാലയ്ക്ക് കൂടുതലും മൺകലങ്ങളാണ് വിറ്റുപോകുന്നതെങ്കിലും അതിനു മുമ്പുള്ള ദിവസങ്ങളിൽ നഗരത്തിൽ വന്നുപോകുന്നവരും സമീപവാസികളും വീട്ടാവശ്യത്തിനായി മൺകലങ്ങളും മറ്റും വാങ്ങും.നഗരത്തിൽ മൺകലങ്ങളുടെ ലഭ്യതക്കുറവുണ്ട്.

ഒരു പിടി അരിയിടാൻ പറ്റുന്ന 25 രൂപയുടെ കലം മുതൽ മുക്കാൽ കിലോ അരിയിടാൻ പറ്റുന്ന 250 രൂപയുടെ കലം വരെ ഇവിടെയുണ്ട്.മറ്റ് ജില്ലകളിൽ നിന്ന് പൊങ്കാലയ്ക്ക് എത്തുന്നവർ പ്രസാദം കൊണ്ടുപോകാനുള്ള സൗകര്യത്തിന് ചെറിയ കലങ്ങളാണ് വാങ്ങുക. പൊങ്കാല ഉത്സവത്തിന് തുടക്കം കുറിച്ച് കാപ്പുകെട്ട് ചടങ്ങ് 23ന് വൈകിട്ട് 5.30ന് നടക്കും. മാർച്ച് 3നാണ് പൊങ്കാല.

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top