മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ മയക്കുമരുന്ന് മാഫിയ തലവനായ നെമെസിയോ ഒസെഗ്വേര സെർവാന്റസ് എന്ന ‘എൽ മെൻചോ’യെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ഞായറാഴ്ച മെക്സിക്കോയിലെ തപൽപയിലാണ് സൈന്യവും എൽ മെൻചോയുടെ കാർട്ടൽ അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ 59-കാരനായ എൽ മെൻചോയെ മെക്സിക്കോ സിറ്റിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു. അതേസമയം, എൽ മെൻചോ കൊല്ലപ്പെട്ടതിന് പിന്നാലെ ഇയാളുടെ അനുയായികൾ മെക്സിക്കോയിൽ കലാപം അഴിച്ചുവിട്ടിരിക്കുകയാണ്. രാജ്യത്തെ എട്ടുസംസ്ഥാനങ്ങളിലായി കലാപം വ്യാപിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.
മെക്സിക്കൻ സൈന്യത്തിന്റെ ഇന്റലിജൻസ് നൽകിയ വിവരങ്ങൾക്ക് പുറമേ, അമേരിക്ക നൽകിയ രഹസ്യവിവരത്തിന്റെയും അടിസ്ഥാനത്തിലാണ് എൽ മെൻചോയുടെ മാഫിയസംഘത്തിനെതിരേ സൈനിക നടപടിയുണ്ടായതെന്നാണ് വിവരം. ഏറ്റുമുട്ടലിൽ മാഫിയ അംഗങ്ങളായ ആറുപേരാണ് കൊല്ലപ്പെട്ടത്. രണ്ടുപേരെ സൈന്യം അറസ്റ്റ് ചെയ്തു. മാഫിയസംഘത്തിന്റെ കേന്ദ്രത്തിൽനിന്ന് റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.
എൽ മെൻചോ കൊല്ലപ്പെട്ടതോടെ മെക്സിക്കോയുടെ വിവിധ ഭാഗങ്ങളിൽ ഇയാളുടെ അനുയായികളുടെ അഴിഞ്ഞാട്ടം തുടരുകയാണെന്നാണ് വിവരം. നിരവധി വാഹനങ്ങൾക്ക് അക്രമികൾ തീയിട്ടു. വിവിധയിടങ്ങളിൽ റോഡ് ഗതാഗതം തടസപ്പെടുത്തി. അക്രമം വ്യാപിച്ചതോടെ മെക്സിക്കോയിലെ പല തെരുവുകളും വിജനമാണ്. വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടു. സംഘർഷം രൂക്ഷമായതോടെ ജാലിസ്കോയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജനങ്ങളോട് വീടുകളിൽ തന്നെ തുടരാനും അധികൃതർ അഭ്യർഥിച്ചു. പൊതുപരിപാടികളും റദ്ദാക്കി. എല്ലാവരും സമാധാനം പാലിക്കണമെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബാം ജനങ്ങളോട് അഭ്യർഥിച്ചു. രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും സ്ഥിതിഗതികൾ ശാന്തമാണെന്നും പ്രസിഡന്റ് അറിയിച്ചു.
മെക്സിക്കോയിലെയും യുഎസിലെയും അന്വേഷണ ഏജൻസികൾ തിരയുന്ന പിടികിട്ടാപ്പുള്ളികളിൽ ഏറ്റവും പ്രധാനപ്പെട്ടയാളാണ് എൽ മെൻചോ. ‘ജാലിസ്കോ ന്യൂ ജനറേഷൻ(CJNG)’ എന്ന കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയസംഘത്തിന്റെ തലവനാണ് ഇയാൾ. ‘എൽ മെൻചോ’യുടെ തലയ്ക്ക് അമേരിക്ക 15 മില്യൺ ഡോളർ ഇനാമും പ്രഖ്യാപിച്ചിരുന്നു.
അമേരിക്കയിലേക്ക് വൻതോതിൽ കൊക്കെയ്ൻ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ കടത്തിയിരുന്നവരാണ് എൽ മെൻചോയുടെ സിജെഎൻജി കാർട്ടൽ. സൈനിക ഹെലികോപ്റ്ററുകൾ വെടിവെച്ചിട്ടത് ഉൾപ്പെടെയുള്ള വൻ ആക്രമണങ്ങളും എൽ മെൻചോയുടെ നേതൃത്വത്തിൽ നേരത്തേ നടന്നിരുന്നു.
എൽ മെൻചോയെ വധിച്ചതിൽ യുഎസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ അഭിനന്ദനം അറിയിച്ചു. ഏറ്റവും ക്രൂരനായ മയക്കുമരുന്ന് തലവന്മാരിൽ ഒരാളായിരുന്നു എൽ മെൻചോ എന്നും ഇത് മെക്സിക്കോയ്ക്കും യുഎസിനും ലാറ്റിൻ അമേരിക്കയ്ക്കും വലിയനേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മെക്സിക്കോയിലെ നിലവില സാഹചര്യം കണക്കിലെടുത്ത് അമേരിക്കയും കാനഡയും തങ്ങളുടെ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകി. മെക്സിക്കോയിലുള്ള തങ്ങളുടെ പൗരന്മാർ സുരക്ഷിതകേന്ദ്രങ്ങളിൽ തുടരണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകി. അക്രമസംഭവങ്ങളെത്തുടർന്ന് മെക്സിക്കോയിലേക്കുള്ള നിരവധി വിമാനസർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
