തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാനജില്ലയിൽ നിലഭദ്രമാക്കാൻ 10 സിറ്റിംഗ് എം.എൽ.എമാരെയും സി.പി.എം കളത്തിലിറക്കും. വിജയസാദ്ധ്യത കണക്കിലെടുത്താണ് പരീക്ഷണങ്ങൾ വേണ്ടെന്ന തീരുമാനത്തിലേക്ക് നേതൃത്വമെത്തുന്നത്. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് ഏകകണ്ഠമായി അംഗീകരിച്ച തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിടും. സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാവും അന്തിമ തീരുമാനം.
മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ ടേം വ്യവസ്ഥ ഒഴിവാക്കി മത്സരിക്കും. ജില്ലാ സെക്രട്ടറിയായതിനാൽ വി.ജോയിയുടെ കാര്യത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനമാവും പ്രധാനം. എന്നാൽ ജില്ലയിലെ ഉറച്ച സീറ്റുകളിലൊന്നായിട്ടാണ് നേതൃത്വം വർക്കല കാണുന്നത്. വി.ജോയി മത്സരിക്കേണ്ടെന്ന തീരുമാനം വന്നാൽ പകരക്കാരനെ കണ്ടെത്തേണ്ടി വരും. ഇനി ജോയി മത്സരിക്കണമെന്നാണ് സംസ്ഥാന നേതൃത്വം തീരുമാനിക്കുന്നതെങ്കിൽ ജില്ലാ സെക്രട്ടറിയെ കണ്ടെത്തണം. തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ പാർട്ടി ചുമതല വഹിക്കേണ്ടെന്നൊരു തീരുമാനം തദ്ദേശ തിരഞ്ഞെടുപ്പ് കാലത്തുണ്ടായിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാദ്ധ്യതയുള്ള രണ്ടുപേരിൽ ഒരാൾ ഡി.കെ.മുരളി എം.എൽ.എയാണ്. വീണ്ടും മത്സരിക്കുമെങ്കിൽ മുരളിക്കും സെക്രട്ടറി ചുമതലയിലേക്ക് വരാനാവില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ കെ.എസ്.സുനിൽകുമാറാണ് പരിഗണിക്കപ്പെടാവുന്ന മറ്റൊരാൾ.
മണ്ഡലങ്ങളിലെ വികസനത്തുടർച്ചയ്ക്കും നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ അംഗീകാരം ലഭ്യമാക്കാനും സിറ്റിംഗ് എം.എൽ.എമാർ മത്സരിക്കുന്നതാണ് ഉചിതമെന്നാണ് സെക്രട്ടേറിയറ്റിന്റെ പൊതുവിലുള്ള വികാരം. ആന്റണിരാജുവിന്റെ അയോഗ്യത നിലനിൽക്കുന്നതിനാൽ തിരുവനന്തപുരം മണ്ഡലം സി.പി.എം ഏറ്റെടുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സി.പി.എം മത്സരിച്ചാൽ വിജയസാദ്ധ്യതയുണ്ടെന്നാണ് സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. സി.പി.എമ്മിന് ഇതുവരെ മത്സരിക്കാൻ സാധിച്ചിട്ടില്ലാത്ത കോവളം മണ്ഡലം ഏറ്റെടുക്കണമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. എന്നാൽ ഘടകകക്ഷികൾക്ക് നൽകിയിട്ടുള്ള സീറ്റുകളിൽ എൽ.ഡി.എഫിൽ ചർച്ച ചെയ്തേ മാറ്രങ്ങൾ വരുത്താനാവൂ.
ജനതാദളിന് നൽകിയിട്ടുള്ള സീറ്റാണ് കോവളം. ഈ രണ്ട് സീറ്റുകളുടെ കാര്യത്തിലും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരമാകും തുടർനടപടികൾ. പത്തു മണ്ഡലങ്ങളിലെയും എം.എൽ.എമാർ മികവാർന്ന പ്രവർത്തനമാണ് നടത്തിയിട്ടുള്ളതെന്നും വിജയം ഉറപ്പായിരിക്കുമെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ എന്നിവരും സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തു.
